BREAKINGKERALA

‘കൊലനടത്തിയത് കൊല്ലപ്പെട്ട ദീപു പറഞ്ഞിട്ട്, മുടന്തഭിനയിച്ചത് വഴിതെറ്റിക്കാന്‍’; പ്രതിയുടെ വിചിത്രമൊഴി

തിരുവനന്തപുരം: കാറിനുള്ളില്‍ ക്വാറി വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള സജികുമാര്‍, കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് വ്യത്യസ്തമായ മൊഴികളാണ് തുടക്കം മുതല്‍ നല്‍കുന്നത്. കൊല്ലപ്പെട്ട ദീപുവിന്റെ ആവശ്യപ്രകാരമാണ് കൊല നടത്തിയതെന്ന വിചിത്രമൊഴിയാണ് ഇയാള്‍ ആദ്യം നല്‍കിയത്. വാഹനത്തിലുണ്ടായിരുന്ന പണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, അന്വേഷണസംഘം ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.
പ്രാഥമികാന്വേഷണത്തില്‍ അതു തെളിയിക്കുന്നതിനായുള്ള ഒരു വിവരവും ലഭിച്ചിട്ടുമില്ല. പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കി പോലീസിന്റെ അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നതെന്നാണ് സംശയം. കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയ സംഘത്തെ രക്ഷിക്കാനാണ് ഇങ്ങനെ മൊഴിമാറ്റുന്നതെന്നും പോലീസ് കരുതുന്നു.
സംഭവത്തിനു ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് മുടന്തഭിനയിച്ച് നടന്നുപോയതെന്നും തുടര്‍ന്ന് ബസ് മാര്‍ഗമാണ് വീട്ടിലെത്തിയതെന്നുമാണ് ഇയാളുടെ മൊഴി. വാഹനത്തിലുണ്ടായിരുന്ന പത്തുലക്ഷം രൂപ താന്‍ എടുത്തിട്ടില്ലെന്ന് ആദ്യം പറഞ്ഞ സജികുമാര്‍, പിന്നീട് മാറ്റിപ്പറഞ്ഞു. പണം എടുത്തതായും അഞ്ചുലക്ഷം വീട്ടിലുണ്ടെന്നും സമ്മതിച്ചു. പണം വീട്ടിലുണ്ടെന്ന് ഇയാളുടെ ഭാര്യയും ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ പരിശോധനയ്ക്ക് തമിഴ്നാട് പോലീസ് സംഘം മലയത്തെ ഇവരുടെ വീട്ടിലെത്തിയപ്പോള്‍ ആള്‍ക്കൂട്ടം കണ്ട് മടങ്ങുകയായിരുന്നു.
ദീപുവിന്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്നും ദീപുവിന്റെ അച്ഛന്‍ ക്വാറി നടത്തിയിരുന്ന കാലം മുതലുള്ള ബന്ധം ഇപ്പോഴും തുടരുകയായിരുെന്നന്നും സജികുമാര്‍ പറഞ്ഞു.
ആഴ്ചയില്‍ ഒരുദിവസമെങ്കിലും ദീപുവുമായി ബന്ധപ്പെടാറുള്ളതായും മണ്ണുമാന്തിയന്ത്രങ്ങളുടെ സെക്കന്റ് ഹാന്‍ഡ് പാര്‍ട്സിന്റെ വില്പനയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ബന്ധമെന്നുമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞിട്ടുള്ളത്.

***

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button