BREAKINGKERALA

കിടപ്പുമുറിയില്‍ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കിടപ്പുമുറിയില്‍ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മറ്റൊരു മുറിയില്‍ ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം വരാപ്പുഴയ്ക്ക് അടുത്ത് വഴിക്കുളങ്ങരയിലാണ് സംഭവം. കൈതാരം ഘണ്ടകര്‍ണവേളി സ്വദേശി വിദ്യാധരന്‍ ( 63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്.
ദമ്പതികള്‍ക്കിടയില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത് .സ്ഥലത്ത് പൊലീസും വിരലടയാള വിദ്ഗധരും ഉള്‍പ്പെടെ എത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. ഇന്ന് രാവിലെ 8.30ഓടെയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനജയെ കിടപ്പുമുറിയിലെ കട്ടിലിലും വിദ്യാധരനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ചോരവാര്‍ന്ന നിലയിലായിരുന്നു വനജയുടെ മൃതദേഹം.
ഇവര്‍ രണ്ടുപേരും മാത്രമാണ് ഇവിടെ താമസിക്കുന്നത്. രണ്ടര വര്‍ഷമായി ഇവിടെയാണ് കഴിയുന്നത്. ഇവരുടെ പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞ് ഭര്‍തൃവീടുകളിലാണ്. ഒരു മകള്‍ വീടിന് ഏതാണ്ട് അടുത്തും മറ്റൊരു മകള്‍ ചങ്ങനാശ്ശേരിയിലുമാണ് കഴിയുന്നത്. വിദ്യാധരന്‍ എറണാകുളത്തെ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ നേരത്തെ ഖാദി ബോര്‍ഡുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നു. ഭാര്യയ്ക്ക് കഴിഞ്ഞ കുറച്ചുനാളായി കാഴ്ച നഷ്ടപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നു. പലപ്പോഴായി ഇരുവരും വഴക്കുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമ്മയെ കൊന്നശേഷം താന്‍ ജീവനൊടുക്കുമെന്ന് പലതവണ വിദ്യാധരന്‍ പറഞ്ഞിരുന്നു. ഇന്ന് രാവിലെയും മകളെ ഫോണില്‍ വിളിച്ച് വിദ്യാധരന്‍ ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് മകള്‍ വിദ്യാധരന്റെ വീടിന് സമീപത്ത് താമസിക്കുന്ന അയല്‍ക്കാരെ ഫോണില്‍ വിളിച്ച് അന്വേഷിക്കാന്‍ പറയുകയായിരുന്നു. ഇവരെത്തി നോക്കിയപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Articles

Back to top button