ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികള്‍. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിന്റെയും കിലോമീറ്ററുകള്‍ നീളുന്ന ഗതാഗതക്കുരുക്കിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കനത്ത മഴയില്‍ പരിസര പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതിനാല്‍ സാകേത് മെട്രോ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരും പ്രതിസന്ധിയിലായി. വസന്ത് വിഹാര്‍ പ്രദേശത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഭാഗമായ മതില്‍ ഇടിഞ്ഞ് മൂന്ന് തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടു. നിര്‍മാണസ്ഥലത്തിന് സമീപം താല്‍ക്കാലിക കൂരകളില്‍ താമസിച്ചിരുന്ന തൊഴിലാളികളികളാണ് കുടുങ്ങിക്കിടക്കുന്നത്. എന്‍ഡിആര്‍എഫും അഗ്‌നിശമന സേനയും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
ഡല്‍ഹിയില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ച രാവിലെയുമായി 154 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. വെള്ളിയാഴ്ച രാവിലെയുണ്ടായ കനത്ത മഴയില്‍ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരുഭാഗം വാഹനങ്ങള്‍ക്ക് മുകളിലേക്ക് പതിച്ച് ഒരാള്‍ മരണപ്പെട്ടിരുന്നു. അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ തലസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയെത്തുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
1,109 Less than a minute