BUSINESSLOCAL NEWSMARKETVAYANADU

ഇടത്തരം സംരംഭങ്ങൾക്കായി മൈക്രോ ഫിനാൻസ് കോർപ്പറേഷൻ തുടങ്ങും: മന്ത്രി ഇ.പി.ജയരാജൻ

കൽപ്പറ്റ: സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വകുപ്പ് മൈക്രോ ഫിനാൻസ് കോർപ്പറേഷൻ തുടങ്ങുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ബ്രഹ്മഗിരി കോഫിയുടെ കണിയാമ്പറ്റയിലെ വ്യവസായ ഉത്പാദക യൂണിറ്റ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ ഇത്തരം സംരംഭങ്ങൾക്കായി കേരള ബാങ്ക് വഴി നബാർഡിൻ്റെ 225 കോടി മൂലധന സഹായം നൽകുന്നുണ്ട്. ചെറുകിട വ്യവസായ പ്രോത്സാഹനത്തിൻ്റെ ഭാഗമായി 3434 കോടിയുടെ വ്യവസായ ഭദ്രത പാക്കേജ് സർക്കാർ നടപ്പിലാക്കി വരുന്നു. വ്യവസായ സംരംഭ മേഖലയിലെ നിയമ ഭേദഗതികളിലൂടെ യുവാക്കളെ ആകർഷിക്കാനായി. കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുണ്ടാക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് കേരളത്തിൽ വലിയ സാധ്യതയാണുള്ളത്. പാലക്കാട് മെഗാഫുഡ് പാർക്ക്, ചേർത്തലയിൽ മെഗാ മറൈൻ ഫുഡ് പാർക്ക് എന്നിവ പൂർത്തിയായി. പാലക്കാട് റൈസ് പാർക്ക് ഉടൻ തുടങ്ങുന്നതിനോടൊപ്പം നാളികേര പാർക്കും റബർ പാർക്കും സർക്കാർ പരിഗണനയിലാണ്. വ്യവസായ – കാർഷിക പുരോഗതിയിലൂടെ കോവിഡ് പ്രതിസന്ധികൾ മറികടക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
കാർഷിക മേഖലയെ  ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും മോചിപ്പിക്കാൻ ബ്രഹ്മഗിരി പോലുള്ള സഹകരണ പ്രസ്ഥാനങ്ങൾ അനിവാര്യമാണെന്ന് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. പാൽ ഉത്പ്പാദനത്തിലെന്ന പോലെ കോഫി ഉത്പ്പാദനത്തിലും സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയും. കാപ്പി കർഷകർക്ക് ന്യായവില കണ്ടെത്താൻ സഹകരണ കൃഷിയാണ് മികച്ച മാർഗമെന്നും മന്ത്രി പറഞ്ഞു.
ജില്ല- ഗ്രാമപഞ്ചായത്ത് തലങ്ങളിൽ രൂപീകരിച്ച കാപ്പി കർഷക ഫെഡറേഷനുകൾ വഴിയാണ് കാപ്പി സംഭരിക്കുന്നത്.  6 പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 6000 ത്തോളം കർഷകർ ഇതിൻ്റെ ഗുണഭോക്താക്കളാകും.
ഇടനിലക്കാരില്ലാതെ കർഷകർക്ക് വരുമാനം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കോഫി ബോർഡിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വയനാടൻ റോബസ്റ്റ, അറബിക്ക ബ്ലൻഡ് ചെയ്ത നോർമൽ കോഫി പൗഡർ, ഫിൽറ്റർ കോഫി, സ്പൈസസ് കോഫി എന്നിവ ഓണത്തിന് ഉപഭോക്താക്കളിലെത്തിക്കാനാണ് ബ്രഹ്മഗിരി ലക്ഷ്യമിടുന്നത്. കോഫി ഫിൽറ്ററും ഫിൽറ്റർകോഫി പൗഡറും അടങ്ങുന്ന കോംമ്പോ ആയും ഉത്പ്പന്നം വിപണിയിലെത്തും. ഇതിനായി കണിയാമ്പറ്റയിൽ കോഫി പ്രൊഡക്ഷൻ യൂണിറ്റും ക്വാളിറ്റി നിർണ്ണയ ലാബും പ്രവർത്തന സജ്ജമായിട്ടുണ്ട്. ഇവിടെ പ്രതിദിനം മൂന്ന് ടണ്ണിനു മുകളിൽ ഉത്പ്പാദനം നടത്താനാകും.
സി.കെ. ശശീന്ദ്രൻ എം.എൽ.എ. അധ്യക്ഷനായ പരിപാടിയിൽ ഒ.ആർ. കേളു എം.എൽ.എ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇ.ബി. ദിലീപ്കുമാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കോഫി ബോർഡ് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button