BUSINESS

ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരങ്ങള്‍ മുഖം മിനുക്കുന്നു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുമായി 28.5 കോടി രൂപയോളം വരുന്ന വിവിധ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.
പ്രകൃതിരമണീയമായ പൊന്‍മുടി ഗസ്റ്റ് ഹൗസിലെ പുതിയ ബ്ലോക്കിന്റെ ഇന്റീരിയര്‍ ഫര്‍ണിഷിംഗിനായുള്ള അന്തിമഘട്ട പ്രവര്‍ത്തനങ്ങള്‍ 99,90,960 രൂപ ചെലവില്‍ പൂര്‍ത്തീകരിക്കും. ഡിസംബറോടെ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാനാണ് ലക്ഷ്യമിടുന്നത്.കോഴിക്കോട് ഗസ്റ്റ് ഹൗസ് വളപ്പില്‍ സ്ഥിതിചെയ്യുന്ന യാത്രി നിവാസിന്റെ നവീകരണത്തിന് 9 കോടിയാണ് അനുവദിച്ചിട്ടുള്ളത്.
2014 ല്‍ പ്രവര്‍ത്തനമാരംഭിച്ച ദേവികുളത്തെ യാത്രി നിവാസിന് 98 ലക്ഷം രൂപയാണ് നവീകരണത്തിനായി നല്‍കിയിരിക്കുന്നത്. കെട്ടിടം മോടിപിടിപ്പിക്കല്‍, ഓഫീസ് മുറിയുടെ എക്സ്റ്റീരിയര്‍, അടുക്കളയുടെയും സ്റ്റാഫ് റൂമിന്റെയും വൈദ്യുതീകരണം, ലാന്‍സ്‌കേപ്പിംഗ് എന്നിവ അടക്കമാണിത്.കൊല്ലത്തെ ഗസ്റ്റ് ഹൗസിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 10,39,52,619 രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. 18 മാസത്തിനകം നവീകരണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.തമിഴ് നാട്ടിലെ കന്യാകുമാരിയിലുള്ള കേരളാ ഹൗസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 6,50,00,000 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും.

Related Articles

Back to top button