ചെന്നൈ: വേശ്യാലയം നടത്താന്‍ സംരക്ഷണം ആവശ്യപ്പെട്ട് അഭിഭാഷകന്‍ സമര്‍പ്പിച്ച് ഹര്‍ജി കണ്ട് അമ്പരന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ വേശ്യാലയം സ്ഥാപിക്കാന്‍ സംരക്ഷണം തേടിയുള്ളതാണ് ഹര്‍ജി. അഭിഭാഷകനായ രാജ മുരുഗനാണ് ഹര്‍ജി സമര്‍പ്പിച്ചത്. തനിക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നും അഭിഭാഷകന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി 10000 രൂപ പിഴ ചുമത്തി ഹൈക്കോടതി തള്ളി.
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ബെഞ്ച് രോഷത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്. പ്രായപൂര്‍ത്തിയായവര്‍ക്ക് ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള അവകാശം പരാമര്‍ശിച്ച് ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകന്റെ നടപടിയെ ജസ്റ്റിസ് ബി പുഗളേന്തിയുടെ ബെഞ്ച് നിശിതമായി വിമര്‍ശിച്ചു. നിലവാരമുള്ള കോളേജുകളില്‍ നിന്ന് ബിരുദം നേടുന്നവരെ മാത്രമേ അഭിഭാഷകരായി എന്റോള്‍ ചെയ്യിക്കാവൂ എന്ന് ഹൈക്കോടതി ബെഞ്ച് ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെടുകയും ചെയ്തു.
അഭിഭാഷകര്‍ക്കുള്ള പരിഗണനയും ബഹുമാനവും സമൂഹത്തില്‍ നഷ്ടപ്പെടുന്ന സാഹചര്യം ബാര്‍ കൗണ്‍സില്‍ മനസിലാക്കണം, ആന്ധ്രയിലും കര്‍ണാടകത്തിലുമുള്ള നിലവാരമില്ലാത്ത കോളേജുകളില്‍ നിന്ന് നിയമ ബിരുദം നേടി വരുന്നവരെയെങ്കിലും കുറഞ്ഞത് എന്റോള്‍ ചെയ്യിക്കാതിരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ശ്രദ്ധിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. കന്യാകുമാരി ജില്ലയില്‍ ഉഭയസമ്മത പ്രകാരം 18 വയസിന് മേലെ പ്രായമുള്ളവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സൗകര്യം താന്‍ ഭാഗമായ ട്രസ്റ്റ് നല്‍കുന്നുണ്ടെന്ന് ഹൈക്കോടതിയില്‍ രാജ മുരുഗന്‍ വ്യക്തമാക്കി. ഇവിടെ കൗണ്‍സിലിങും ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ എണ്ണ തേച്ച് കുളിക്കാനും സൗകര്യമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ സുപ്രീം കോടതി വിധി രാജ മുരുഗന്‍ തെറ്റിദ്ധരിച്ചതാണെന്ന് ഹൈക്കോടതി വിലയിരുത്തി. ലൈംഗിക തൊഴിലാളികളുടെ പുനരധിവാസത്തിനാണ് അന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ദാരിദ്ര്യം ബലഹീനതയായി കണ്ട് മുതലെടുക്കാനാണ് ഇയാള്‍ ശ്രമിക്കുന്നതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. മുരുഗനോട് എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, നിയമ ബിരുദ സര്‍ട്ടിഫിക്കറ്റും ബാര്‍ അസോസിയേന്‍ അംഗത്വ രേഖയും പരിശോധനയ്ക്കായി സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
92 1 minute read