ENTERTAINMENTBOLLYWOOD

പോപ്പ് സംഗീത രാജാവ് മൈക്കിള്‍ ജാക്‌സണ്‍ വിടപറഞ്ഞിട്ട് 15 വര്‍ഷം

പോപ്പ് സംഗീത രാജാവ് മൈക്കിള്‍ ജാക്‌സണ്‍ വിട പറഞ്ഞിട്ട് പതിനഞ്ച് വര്‍ഷം. ചടുലമായ ചുവടുകളും മനംനിറക്കുന്ന സംഗീതവുമായി നാല് പതിറ്റാണ്ടിലധികം നമ്മേ മൈക്കിള്‍ ജാക്‌സണ്‍ വിസ്മയിപ്പിച്ചു. സംഗീതത്തിലൂടെ സമൂഹത്തിന്റെ അപചയങ്ങള്‍ക്കെതിരെ ശബ്ദിച്ച കലാകാരനായിരുന്നു ജാക്‌സണ്‍.
പോപ്പ് സംഗീതത്തിലെ കറുപ്പിനും വെളുപ്പിനുമിടയില്‍ ജീവിച്ച കലാകാരനായിരുന്നു മൈക്കല്‍ ജാക്‌സണ്‍. കടുത്ത വര്‍ണ വിവേചനത്തിന്റെ നാളുകളിലായിരുന്നു മൈക്കല്‍ ജാക്‌സണ്‍ രംഗപ്രവേശം ചെയ്തത്. സ്വന്തം രൂപത്തെ കുറിച്ചുള്ള അപകര്‍ഷതാബോധം സംഗീതം കൊണ്ട് മൈക്കല്‍ ജാക്‌സണ്‍ തുടച്ചുമാറ്റി.
തന്റെ കണ്‍മുന്നില്‍ക്കണ്ട തിന്മകളെ ചോദ്യം ചെയ്ത ജാക്സണിലൂടെയായിരുന്നു ആധുനിക പോപ്പ് സംഗീതത്തിന്റെ വളര്‍ച്ച. പ്രണയം, വര്‍ണവിവേചനം, ഏകാന്തത, വനനശീകരണം, മലിനീകരണം, ദാരിദ്ര്യം,യുദ്ധക്കെടുതികള്‍. ജാക്‌സണ്‍ തന്റെ ഗാനങ്ങളിലൂടെ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ അനവധി. 1991 ല്‍ പുറത്തിറങ്ങിയ Dangerous എന്ന ആല്‍ബം ലോകത്തെ ഏറ്റവും മൂല്യമേറിയ സംഗീതജ്ഞനാക്കി ജാക്സനെ മാറ്റി .
സ്മൂത്ത് ക്രിമിനല്‍ എന്ന ഗാനത്തിനായി നിര്‍മിച്ച പ്രത്യേക ആന്റി – ഗ്രാവിറ്റി ഷൂവിന്റെ പേറ്റന്റ് ജാക്സന്റെ പേരിലാണ്.സംഗീത ലോകത്തും പുറത്തും വിവാദങ്ങളുടെ തോഴനായിരുന്നു ജാക്‌സണ്‍. അന്‍പതാം വയസില്‍ ദുരൂഹമായി മരണത്തോട് കീഴടങ്ങിയ ജാക്‌സന്റെ അവസാന യാത്ര 250 കോടിയോളം ആളുകളാണ് തത്സമയം കണ്ടത്. പോപ്പ് സംഗീതത്തില്‍ പകരക്കാരനില്ലാത്ത പ്രതിഭയുടെ ഓര്‍മകള്‍ക്ക് പ്രണാമം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button