ന്യൂഡല്‍ഹി: നീറ്റ് സമ്പൂര്‍ണ്ണ ഫലപ്രഖ്യാപനം ഓണ്‍ലൈനില്‍ നടത്താന്‍ സുപ്രിംകോടതി നിര്‍ദേശിച്ച സമയപരിധി ഇന്ന് അവസാനിക്കും. തടഞ്ഞുവെച്ച വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പെടെയുള്ള ഫലം ശനിയാഴ്ച വൈകുന്നേരത്തിനു മുന്‍പ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഫലം തടഞ്ഞുവെച്ച വിദ്യാര്‍ഥികളുടെ റോള്‍ നമ്പര്‍ വ്യക്തമാക്കാതെ ഫലം പ്രസിദ്ധീകരിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. നീറ്റ് കേസുകള്‍ ഇനി തിങ്കളാഴ്ചയാണ് സുപ്രിംകോടതി പരിഗണിക്കുക.
ഓരോ നഗരത്തിന്റെയും കേന്ദ്രത്തിന്റെയും വേര്‍തിരിച്ചുള്ള മാര്‍ക്ക് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനകം പ്രസിദ്ധീകരിക്കാനാണ് പരീക്ഷാനടത്തിപ്പുകാരായ ദേശീയ പരീക്ഷാ ഏജന്‍സിയോട് ആവശ്യപ്പെട്ടിരുന്നത്. മേയ് അഞ്ചിനാണ് 571 നഗരങ്ങളിലെ 4750 കേന്ദ്രങ്ങളിലായി പരീക്ഷനടന്നത്. ഇവയില്‍ ഓരോന്നിലും പരീക്ഷയെഴുതിയവര്‍ക്ക് എത്ര മാര്‍ക്കുവീതം ലഭിച്ചെന്ന് അറിയിക്കണം.
വിദ്യാര്‍ഥികളുടെ പേരും റോള്‍നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മറച്ചുവെച്ചുകൊണ്ടുവേണം ഇതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. നീറ്റ് കേസുകള്‍ ഇനി തിങ്കളാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുക. പുനപരീക്ഷ സംബന്ധിച്ച് വിഷയത്തില്‍ അന്ന് ഉച്ചയ്ക്ക് മുമ്പ് വാദം പൂര്‍ത്തിയാക്കി തീരുമാനം കൈക്കൊള്ളാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
106 Less than a minute