ചണ്ഡീഗഢ്: ഹരിയാണയിലെ ഫത്തേഹാബാദില്‍ നഴ്സായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം നദിയില്‍ തള്ളിയ കേസില്‍ സൈനികന്‍ അറസ്റ്റില്‍. ഹരിയാണ ജബ്തേവാല സ്വദേശി രാംഫാലിനെയാണ് സംഭവം നടന്ന് നാലുമാസങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ട യുവതിയും വിവാഹിതനായ സൈനികനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും യുവതി വിവാഹത്തിനായി നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരി 15-നാണ് ഹരിയാണയിലെ തൊഹാന സ്വദേശി ഘോഷ(24യുടെ മൃതദേഹം നദിയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ നഴ്സായിരുന്ന ഘോഷയെ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയശേഷം കാണാതായിരുന്നു. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം നദിയില്‍നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മാസങ്ങള്‍ക്ക് ശേഷം പ്രതിയായ രാംഫാലിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റംസമ്മതിച്ചതായും പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ട യുവതിയും പ്രതിയും തമ്മില്‍ സ്‌കൂള്‍ പഠനകാലം മുതല്‍ പരിചയത്തിലായിരുന്നു. സൈനികന്റെ വിവാഹം കഴിഞ്ഞശേഷവും ഇരുവരും തമ്മില്‍ അടുപ്പം തുടര്‍ന്നു. എന്നാല്‍, യുവതി തന്നെ വിവാഹം കഴിക്കണമെന്ന് സൈനികനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പറഞ്ഞ് നിരന്തരം നിര്‍ബന്ധിച്ചതോടെയാണ് യുവതിയെ കൊലപ്പെടുത്താന്‍ സൈനികന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഫെബ്രുവരി നാലാം തീയതിയാണ് പ്രതി കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞു.
ദുപ്പട്ടയും മൊബൈല്‍ചാര്‍ജറിന്റെ വയറും കഴുത്തില്‍ കുരുക്കിയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. ശേഷം മറ്റൊരാളുടെ സഹായത്തോടെ മൃതദേഹം ചാക്കില്‍കെട്ടി നദിയില്‍ തള്ളുകയായിരുന്നു. പ്രതിക്ക് സഹായം നല്‍കിയ കൂട്ടാളിക്കായി തിരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
52 1 minute read