BREAKING NEWSKERALA

ഹൈക്കമാന്‍ഡ് ഒന്നു പറഞ്ഞാല്‍ മതി, പടക്കളത്തിലിറങ്ങാന്‍ ഉമ്മന്‍ചാണ്ടി തയാര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അനുസരിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍. സജീവ രാഷ്ട്രീയത്തില്‍ നിന്ന് നാളുകളായി വിട്ടുനിന്നിരുന്ന അദ്ദേഹം തിരിച്ചുവരവിനൊരുങ്ങുന്നുവെന്ന വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത്.
കഴിഞ്ഞ 50 വര്‍ഷത്തോളമായി കേരള രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമായ ഉമ്മന്‍ചാണ്ടി എ.കെ. ആന്റണിക്കു ശേഷമാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്. എന്നാല്‍ അടുത്തിടെ തൊണ്ടയിലുണ്ടായ അണുബാധമൂലം അദ്ദേഹത്തിന് സജീവരാഷ്ട്രീയത്തില്‍ നിന്ന് കുറച്ചുനാള്‍ വിട്ടുനില്‍ക്കേണ്ടതായി വന്നിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിച്ചുവെന്ന് വിധിയെഴുതിയവരുടെ മുനയൊടിക്കുന്ന സൂചനകളാണ് നിലവില്‍ പുറത്തുവരുന്നത്. ഇത്തമൊരു ചുവടുമാറ്റം മുന്നില്‍ കണ്ടുകൊണ്ടും, അതിന് മുന്നൊരുക്കമായുമാണ് അദ്ദേഹത്തിന്റെ നിയമസഭാ സാമാജികത്വത്തിന്റെ അന്‍പതാം വാര്‍ഷികം ഉമ്മന്‍ചാണ്ടി പക്ഷം ആഘോഷമാക്കിയത്.
കൊവിഡ് കാലത്ത് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും വിദേശത്തുള്ള മലയാളികളുടെ പ്രശ്‌നങ്ങളില്‍ സജീവ ഇടപെടല്‍ നടത്താനും സൈബര്‍ ലോകത്ത് സജീവമാകാനും ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യവും പങ്കാളിത്തവും കോണ്‍ഗ്രസിനെ വീണ്ടും സംസ്ഥാനത്ത് അധികാരത്തിലെത്തിക്കാന്‍ ഉതകുമെന്ന വിശ്വാസവും പ്രവര്‍ത്തകരിലുണ്ടാക്കി.
അതേസമയം, പ്രതിപക്ഷ നേതാവെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തിളങ്ങി നില്‍ക്കുന്ന രമേശ് ചെന്നിത്തലയുടെ പ്രഭാവത്തിന് ഉമ്മന്‍ചാണ്ടിയുടെ നീക്കം മങ്ങലേല്‍പ്പിക്കുമെന്ന ആശങ്ക രമേശ് പക്ഷത്തിനുമുണ്ട്. അടുത്തിടെ ചെന്നിത്തല ഉയര്‍ത്തിയ ആരോപണങ്ങളൊക്കെയും സര്‍ക്കാരിനെ പിടിച്ചു കുലുക്കാന്‍ പോന്നവയായിരുന്നു. അതിനാല്‍ത്തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ വടംവലിക്ക് സാധ്യതയേറെയാണ്.
കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തുണ്ടായ സോളാര്‍ വിവാദത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി മുക്തനായെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഡിഎഫ് അധികാരത്തിലേറിയാല്‍ ഉമ്മന്‍ചാണ്ടി തന്നെ മുഖ്യമന്ത്രി ആയാല്‍ മതിയെന്നാണ് ഇപ്പോള്‍ ഭൂരിപക്ഷത്തിന്റെയും ആവശ്യം. ഇതൊക്കെയും പാര്‍ട്ടിയില്‍ ചാണ്ടിരമേശ് പക്ഷങ്ങള്‍ തമ്മിലുളള പോരിന് കളമൊരുക്കും എന്നതാണ് രാഷ്ടീയകേരളം ഉറ്റുനോക്കുന്നത്.

Related Articles

Back to top button