കടല്‍ തീരങ്ങള്‍ ഇന്ന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. അപ്രതീക്ഷിതമായ തിരമാലകള്‍ മുതല്‍ സ്രാവ് പോലുള്ള കടലിലെ അപകടകാരികളായ ജീവികളുടെ അക്രമണങ്ങള്‍ വരെ അത് നീളുന്നു. കഴിഞ്ഞ ദിവസം ഒരു യുഎസുകാരനെ വീടിന് സമീപത്തെ കടല്‍ത്തീരത്ത് വച്ച് സ്രാവ് അക്രമിച്ച് കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് രംഗം നിസഹായയായി കണ്ടുനിക്കേണ്ടി വന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫ്‌ലോറിഡയുടെ ബോക സിഗ ബേയ്ക്ക് സമീപമാണ് 1984 മുതല്‍ 69 കാരനായ തഡേവൂസ് കുബിന്‍സ്‌കിയും കുടുംബവും താമസിക്കുന്നത്. സമീപത്തെ തീരത്ത് കുളിക്കുന്നത് തഡേവൂസിന്റെ ഒരു പതിവായിരുന്നു. അദ്ദേഹം ഭാര്യ അന്നയുമൊത്താണ് തീരത്ത് കുളിക്കാനായി എത്തിയിരുന്നത്. അന്നും അദ്ദേഹം പതിവ് പോലെ ഭാര്യയുമായി തീരത്തെത്തിയതായിരുന്നു. ഇരുവരും നീന്തല്‍ ആരംഭിച്ചെങ്കിലും ഇടയ്ക്ക് വച്ച് ഭാര്യ കരയ്ക്ക് കയറി. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഒമ്പത് അടിയുള്ള സ്രാവ് തഡേവൂസ് കുബിന്‍സ്‌കിയെ ആക്രമിച്ചത്. ഭര്‍ത്താവിന്റെ ദാരുണാന്ത്യം നിസഹായയായി കണ്ട് നില്‍ക്കാന്‍ മാത്രമേ ഭാര്യ അന്നയ്ക്ക് കഴിഞ്ഞൊള്ളൂ.
1975 ല്‍ ഇറങ്ങിയ സ്പീല്‍ബര്‍ഗിന്റെ ‘ജോ’ എന്ന ചിത്രത്തെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളായിരുന്നു അതെന്ന് അന്ന പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സ്രാവിന്റെ ചിറക് വെള്ളത്തിലൂടെ തഡേവൂസിന് നേര്‍ക്ക് നീന്തുന്നത് താന്‍ കണ്ടെന്നും പിന്നാലെ ഏതാണ്ട് 400 പൌണ്ട് (181 കിലോയോളം) ഭാരമുള്ള സ്രാവ് ഭര്‍ത്താവിനെ വലത് വശത്ത് നിന്നും ആക്രമിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. വെള്ളം വളരെ വേഗം ചുവന്ന നിറത്തിലേക്ക് മാറി’ അവര്‍ കൂട്ടിച്ചേര്‍ത്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തഡേവൂസിന്റെ ശരീരത്തില്‍ 15 ഇഞ്ച് ആഴത്തില്‍ ചന്ദ്രക്കലയുടെ ആകൃതിയില്‍ വലിയൊരു മുറിവ് കണ്ടെത്തി.
അദ്ദേഹത്തിന്റെ വാരിയെല്ലുകള്‍ തകര്‍ന്നിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വന്‍തോതില്‍ രക്തം നഷ്ടപ്പെട്ടാണ് മരണം സംഭവിച്ചതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം തഡേവൂസ് നീന്തിയ സ്ഥലത്ത് വെറും അഞ്ച് അടി മാത്രമാണ് വെള്ളം ഉണ്ടായിരുന്നെതെന്നും അവിടെ വച്ചാണ് അദ്ദേഹം തന്റെ മക്കളെയും കൊച്ചുമക്കളെയും നീന്താന്‍ പഠിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ഹവായില്‍ വച്ച് പൈറൈറ്റ്‌സ് ഓഫ് ദി കരീബിയന്‍ സിനിമയിലെ അഭിനേതാവായ തമായോപെറിയെയും സ്രാവ് അക്രമിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.
1,107 1 minute read