BREAKING NEWSLATESTNATIONAL

മാധ്യമങ്ങളോടും വൈരുദ്ധ്യാത്മകത: സിപിഎം നേതാക്കള്‍ക്ക് ഇവിടെ ഇങ്ങനെ അവിടെ അങ്ങനെ

ന്യൂഡല്‍ഹി: കേരളത്തില്‍ സിപിഎമ്മും മുഖ്യധാരാ മാധ്യമങ്ങളും തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍, രാജ്യതലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ നടന്ന അതിക്രമണത്തില്‍ പരസ്യമായി പ്രതിഷേധിച്ചുകൊണ്ട് പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഉത്തരഡല്‍ഹിയില്‍ ദ് കാരവാന്റെ ലേഖികയെ ജോലി ചെയ്യുന്നതില്‍ തടസപ്പെടുത്തും വിധം പീഡിപ്പിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തതിനെതിരേയാണ് യച്ചൂരി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.
തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പാര്‍ട്ടി ശക്തമായി അപലപിക്കുന്നുവെന്നും ഡല്‍ഹി പൊലീസിന്റെ ചുമതല കേന്ദ്രസര്‍ക്കാരിന്റേതായതുകൊണ്ടുതന്നെ പത്രപ്രവര്‍ത്തകയെ ആക്രമിച്ചവരെ ഉടന്‍ പിടികൂടാന്‍ വേണ്ട നടപടിയെടുക്കണമെന്നും യച്ചൂരി പോസ്റ്റില്‍ ആവശ്യപ്പെടുന്നു.
മുമ്പ് സിന്ധുസൂര്യകുമാറിനടക്കം സൈബര്‍ ഭീഷണിയുണ്ടാപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും അവരെ പിന്തുണച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. എന്നാല്‍ ഈയിടെ ഡിപ്‌ളോമാറ്റിക് സ്വര്‍ണ്ണക്കള്ളക്കടത്തിനെത്തുടര്‍ന്നു പാര്‍ട്ടിയും ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമായി ഉടലെടുത്ത വൈര്യം സൈബറിടങ്ങളില്‍ അവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നിടത്തോളം എത്തിയിരുന്നു. പത്രപ്രവര്‍ത്തകയൂണിയന്റെ ആവശ്യപ്രകാരം സൈബര്‍ ആക്രമണത്തില്‍ സൈബര്‍ ഡോം അന്വേഷണമാരംഭിച്ചിട്ടുണ്ട്.
അതിനിടെ, മാധ്യമങ്ങളോടുള്ള സിപിഎം അസഹിഷ്ണുതയെ സിപിഐ മുഖപത്രമായ ജനയുഗം ഇന്നു പരസ്യമായി തങ്ങളുടെ ലേഖനത്തിലൂടെ വിമര്‍ശിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്കു കടക്കുകയാണ്.

Related Articles

Back to top button