BREAKINGINTERNATIONAL

സ്തനവലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയയുടെ വീഡിയോ രഹസ്യമായി പകര്‍ത്തി, സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു, സംഭവം ചൈനയില്‍

സ്തനങ്ങളുടെ വലിപ്പം കൂട്ടാനും സൗന്ദര്യം വര്‍ധിപ്പിക്കാനും മറ്റുമായി ഇന്ന് ഒരുപാട് ശസ്ത്രക്രിയകളുണ്ട്. നേരത്തെ സെലിബ്രിറ്റികളാണ് ഇത്തരം ശസ്ത്രക്രിയകള്‍ തിരഞ്ഞെടുത്തിരുന്നെങ്കില്‍ ഇന്ന് അതല്ലാതെ തന്നെ നിരവധി സ്ത്രീകള്‍ ബ്രെസ്റ്റ് ഇംപ്ലാന്റ് സര്‍ജറികള്‍ (Breast Implant Surgery) ചെയ്യാറുണ്ട്. ഇപ്പോള്‍ ചൈനയില്‍ നിന്നുള്ള ഒരു സ്ത്രീ തന്റെ സ്തനസൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയയുടെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചു എന്നാരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
അനസ്‌തേഷ്യ നല്‍കിയ യുവതി ശസ്ത്രക്രിയ നടക്കുമ്പോള്‍ മയക്കത്തിലായിരുന്നു. അതിനിടെ രഹസ്യമായി പകര്‍ത്തിയ വീഡിയോയാണ് ചൈനയിലെ സോഷ്യല്‍ മീഡിയയായ ഡുയിനിലടക്കം പ്രചരിച്ചത് എന്നാണ് ആരോപണം. ഗാവോ എന്ന സര്‍നെയിമില്‍ അറിയപ്പെടുന്ന യുവതിയാണ് ആരോപണവുമായി എത്തിയിരിക്കുന്നത്. ഇതുപോലുള്ള ഒരുപാട് ശസ്ത്രക്രിയകളുടെ വീഡിയോകള്‍ ആളുകളറിയാതെ പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ടത്രെ.
ജനുവരിയില്‍ മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഒരു ആശുപത്രിയില്‍ വച്ചാണത്രെ ഗാവോയ്ക്ക് ശസ്ത്രക്രിയ ചെയ്തത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, വീഡിയോ തന്റെ സ്വകാര്യതയെ ഗുരുതരമായി ലംഘിച്ചിരിക്കുകയാണെന്നാണ് ഗാവോ പറഞ്ഞത്. വീഡിയോയില്‍ തന്നെ വ്യക്തമായി തിരിച്ചറിയാന്‍ കഴിയും. ആരാണ് ഈ വീഡിയോ പകര്‍ത്തിയത് അയാളെ കുറിച്ചുള്ള വിവരങ്ങള്‍ താന്‍ ആശുപത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവരത് നല്‍കാന്‍ തയ്യാറായില്ല. ഇത് ചെയ്തയാള്‍ തന്നോട് മാപ്പ് പറയണമെന്നും തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടെങ്കിലും അതും ചെയ്തിട്ടില്ല എന്നും യുവതി ആരോപിക്കുന്നു.
ആശുപത്രിയാകട്ടെ പലതരത്തിലുള്ള ന്യായീകരണങ്ങളാണ് നടത്തിയത്. ആശുപത്രിയിലുള്ള ആരുമല്ല ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ മൂന്നുമാസം കൂടുമ്പോള്‍ ഡിലീറ്റ് ചെയ്യാറുണ്ടെന്നും അതിനാല്‍ ആളെക്കണ്ടെത്താനാകില്ല എന്നുമൊക്കെയാണ് ആശുപത്രി പറയുന്നത്.
ഓപ്പറേഷന്‍ തിയറ്റര്‍ പോലെ സുരക്ഷിതമായ ഒരു സ്ഥലത്ത് എങ്ങനെയാണ് ഇത്തരം അവകാശലംഘനങ്ങളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും നടക്കുന്നത് എന്നാണ് ഗാവോ ചോദിക്കുന്നത്.

Related Articles

Back to top button