BREAKINGKERALA

കൊടുമണ്‍ കാന വിവാദം: സ്ഥലം കൈയ്യേറിയില്ലെന്ന് തെളിഞ്ഞതായി മന്ത്രിയുടെ ഭര്‍ത്താവും കോണ്‍ഗ്രസും

പത്തനംതിട്ട: കൊടുമണ്‍ കാന വിവാദത്തില്‍ മന്ത്രി വീണ ജോര്‍ജ്ജിനും കോണ്‍ഗ്രസിനും ആശ്വാസം. ഇന്ന് പുറമ്പോക്ക് സര്‍വേയില്‍ സ്ഥലം കൈയ്യേറിയിട്ടില്ലെന്ന് കോണ്‍ഗ്രസും മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവും പറഞ്ഞു. പത്തനംതിട്ട ജില്ലാ കളക്ടറാണ് പുറമ്പോക്ക് സംബന്ധിച്ച ഔദ്യോഗിക തീരുമാനം പറയേണ്ടത്.
മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവിനെതിരെ ശക്തമായ പ്രതിഷേധവുമായി നേരത്തെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. റോഡിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഓട മന്ത്രിയുടെ ഭര്‍ത്താവിന്റെ കെട്ടിടത്തിന് മുന്നിലെത്തിയപ്പോള്‍ അലൈന്‍മെന്റ് മാറിയെന്നായിരുന്നു ആരോപണം. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരന്‍ ആദ്യം മന്ത്രിയുടെ ഭര്‍ത്താവിനെതിരെ നിലപാടെടുത്തെങ്കിലും പിന്നീട് നിലപാട് മാറ്റി.
സിപിഎമ്മും ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ മന്ത്രിയുടെ ഭര്‍ത്താവിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് ഓഫീസ് കിടക്കുന്നത് പുറമ്പോക്ക് ഭൂമിയിലെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. ഇന്ന് അളവെടുപ്പ് കഴിഞ്ഞതും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലഡു വിതരണം നടത്തി. മന്ത്രിയുടെ ഭര്‍ത്താവിന് ലഡു കൊടുക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം അംഗങ്ങള്‍ തടഞ്ഞു, ലഡു തട്ടിക്കളഞ്ഞു. പിന്നീട് കോണ്‍ഗ്രസ് ഓഫീസ് കൈയ്യേറ്റ ഭൂമിയില്‍ തന്നെയെന്ന് ആരോപിച്ച് ഇവിടേക്ക് പ്രകടനമായി നീങ്ങിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസിനോട് ചേര്‍ന്ന് തങ്ങളുടെ കൊടി കുത്തി.

Related Articles

Back to top button