BREAKING NEWSNATIONAL

കോണ്‍ഗ്രസിന് ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ അവസരം നല്‍കി ഹാഥ്‌റസ് സംഭവം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ബി.ജെ.പി.ക്കും ബി.എസ്.പി.ക്കും എസ്.പി.ക്കും പിന്നിലായിപ്പോയ കോണ്‍ഗ്രസിന് ജീവവായുവായിരിക്കയാണ് ഹാഥ്‌റസ് സംഭവം. ദളിത് യുവതിയെ കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തുകയും രക്ഷിതാക്കളുടെ അനുമതിയില്ലാതെ പോലീസ് ദഹിപ്പിക്കുകയുംചെയ്ത സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധമുയരുമ്പോള്‍ കൃത്യമായ ഇടപെടലുമായി രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ്. ബി.ജെ.പി.യുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പി.യില്‍ ദളിത് പാര്‍ട്ടിയായ ബി.എസ്.പി.യും യാദവ പാര്‍ട്ടിയായ എസ്.പി.യും ശക്തമായ പ്രതിഷേധമുയര്‍ത്തേണ്ട വേളയിലാണ് രാഹുലും പ്രിയങ്കയും മുന്നണിപ്പോരാളികളായിരിക്കുന്നത്.
രാഹുലിനെയും പ്രിയങ്കയെയും ഹാഥ്‌റസിലേക്ക് പോകുന്നതില്‍നിന്ന് പോലീസ് തടയുകയും അറസ്റ്റുചെയ്യുകയും ചെയ്തതോടെ സംഭവം കൂടുതല്‍ രാജ്യശ്രദ്ധ നേടി. ശനിയാഴ്ച രണ്ടാമതും ഇരുവരെയും തടഞ്ഞതോടെ സംഭവം രാഷ്ട്രീയനഷ്ടത്തിലേക്കാണ് പോകുന്നതെന്ന് ബി.ജെ.പി.യും തിരിച്ചറിഞ്ഞു. ഉടന്‍ നിലപാട് മാറ്റിയതിനുപിന്നിലെ കാരണവും ഇതുതന്നെ. പ്രതികരണത്തില്‍ മന്ദഗതിയിലായിരുന്ന ബി.എസ്.പി. പ്രതിഷേധവുമായി രംഗത്തെത്തിയതും ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. 25 ശതമാനത്തോളം ദളിതരുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. വി.പി. സിങ്ങിന്റെ മണ്ഡല്‍ കമ്മിഷന്‍ രാഷ്ട്രീയത്തിനും ബി.ജെ.പി.യുടെ കമണ്ഡല്‍ രാഷ്ട്രീയത്തിനുംശേഷം സംസ്ഥാനത്ത് അടിത്തറനഷ്ടമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി യു.പി.യില്‍ പാര്‍ട്ടിവളര്‍ത്താനിറങ്ങിയ പ്രിയങ്കയ്ക്ക് ഇതുവരെ കാര്യമായൊന്നും ചെയ്യാന്‍ പറ്റിയിട്ടില്ല. സി.എ.എ. വിരുദ്ധപ്രക്ഷോഭങ്ങളും ഡോ. കഫീല്‍ ഖാന്‍ പ്രശ്‌നവുമൊക്കെ സ്ഥിരം വോട്ടുബാങ്കായ മുസ്‌ലിങ്ങളില്‍ സ്വാധീനം നിലനിര്‍ത്താന്‍ സഹായിച്ചുവെന്നല്ലാതെ അടിത്തറ വിപുലമാക്കാന്‍ ഉപകരിച്ചില്ല. മാത്രവുമല്ല, മുസ്‌ലിംവോട്ടുപോലും കോണ്‍ഗ്രസിനും ബി.എസ്.പി.ക്കും എസ്.പി.ക്കുമായി വിഭജിക്കപ്പെട്ടിരിക്കയാണ്. ഇവിടെയാണ് ദളിത് വോട്ടുകളുടെ പ്രസക്തി. കോണ്‍ഗ്രസിന് മുന്നേറണമെങ്കില്‍ ബി.ജെ.പി. ക്ഷയിക്കുന്നതിനപ്പുറം ബി.എസ്.പി.യുടെയും എസ്.പി.യുടെയും കൂടെപ്പോയ തങ്ങളുടെ പഴയ വോട്ടുബാങ്ക് തിരിച്ചുപിടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനുള്ള നിലമൊരുക്കലായി ഹാഥ്‌റസ് സംഭവം ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് കരുതുന്നു.

Related Articles

Back to top button