കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ സാമുഹ്യമാധ്യങ്ങളില്‍ കടുത്ത വിമര്‍ശനം. ‘ക്ഷണിക്കാത്ത യോഗത്തില്‍ വലിഞ്ഞുകയറിച്ചെന്നാണ് എഡിഎമ്മിനെതിരെ ദുരാരോപണം ഉന്നയിച്ച് അപമാനിച്ചത്. അവസാനനിമിഷം അപമാനിച്ച് അയയ്ക്കാനുള്ള ബോധപൂര്‍വം കരുതിക്കൂട്ടിയുള്ളതുമായ ശ്രമം. അതില്‍ മനംനൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്തത്’ -എന്നൊരാള്‍ ദിവ്യയുടെ ഫേസ്ബുക്കില്‍ പ്രതികരിച്ചു.’അഴിമതി ആരോപണം ഉണ്ടെങ്കിൽ തന്നെ അത് അന്വേഷിക്കാനും പരാതി നല്‍കാനും ഇവിടെ വ്യവസ്ഥാപിത സംവിധാനം ഉണ്ടെന്നിരിക്കെ മാധ്യമങ്ങളെ വിളിച്ചുവരുത്തി എഡിഎം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളി വിടുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ’യെന്നും ആരോപണം ശക്തമാണ്. നവീന്‍ ബാബു പത്തനംതിട്ടയിലേക്ക് സ്ഥലംമാറിയതിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയെത്തിയ ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് അദ്ദേഹം ജീവനൊടുക്കിയതെന്നാണ് ആരോപണം. പിന്നാലെയാണ്, ദിവ്യക്കെതിരെ സാമുഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
‘സർക്കാർ സർവീസ് ആണ്. എപ്പോഴും എന്തും സംഭവിക്കാം എന്ന പരസ്യമായ ഭീഷണിയാണ് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ദിവ്യ ഉന്നയിച്ചത്. പി.പി ദിവ്യയെ ആത്മഹത്യാ പ്രേരണ കുറ്റത്തിനു അറസ്റ്റ് ചെയ്യണം’ എന്നും ആവശ്യമുയരുന്നുണ്ട്. ‘എഡിഎം എന്തെങ്കിലും തെറ്റ് ചെയ്താൽ ജില്ല പഞ്ചായത്ത് പ്രസിഡന്റിന് ചെയ്യാൻ കഴിയുന്ന നിയമപരമായ കാര്യങ്ങളുണ്ട്. അപ്പോൾ തന്നെ കലക്ടറെ വിളിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിയുന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ് അതൊന്നും ചെയ്യാതെ നടത്തിയ നാടകം ഒരു മനുഷ്യനെ കൊന്നിരിക്കുന്നു. ഈ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മറുപടി പറഞ്ഞേ തീരൂ’ എന്നൊരാള്‍ എഴുതുന്നു. ‘നിങ്ങൾക്ക് ഇപ്പൊ സമാധാനം ആയല്ലോ അല്ലെ?? നിങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് ഒഫീഷ്യൽ ആയി അധികാരികളെ അറിയിക്കണമായിരുന്നു, അല്ലാതെ ഒരു മനുഷ്യനെ അയാളുടെ യാത്രയയപ്പ് ചടങ്ങിന് വന്ന് അവഹേളിക്കുക അല്ല ചെയ്യേണ്ടതെന്നും’ ദിവ്യയുടെ ഫേസ്ബുക്കില്‍ കമന്റുണ്ട്.