ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി ബി.ജെ.പിയില്‍ അശയക്കുഴപ്പവും അപസ്വരവും. ആദ്യപട്ടിക പുറത്തിറക്കി മിനിറ്റുകള്‍ക്കുള്ളില്‍ പിന്‍വലിച്ചതിന് പിന്നാലെ പുതുക്കിയ പട്ടിക പുറത്തിറക്കി. ആദ്യം പുറത്തിറക്കിയ പട്ടികയ്ക്കെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിനിടെ ഒരു പേരുമാത്രമായി രണ്ടാമത്തെ പട്ടികയും പുറത്തുവിട്ടു.
44 സ്ഥാനാര്‍ഥികളുടെ പട്ടികയായിരുന്നു ബി.ജെ.പി. ആദ്യം പുറത്തുവിട്ടത്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിലെ 10 സീറ്റുകളിലേക്കും മൂന്നാം ഘട്ടത്തിലെ 19 സീറ്റുകളിലേയ്ക്കുമുള്ള സ്ഥാനാര്‍ഥികളെയായിരുന്ന പ്രഖ്യാപിച്ചത്. ഇത് പിന്നീട് പിന്‍വലിച്ച് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റിലെ സ്ഥാനാര്‍ഥികളുടെ മാത്രം പട്ടിക പുറത്തിറക്കി.
ഇതിനിടെ, മൂന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു നോര്‍ത്തിലെ സ്ഥാനാര്‍ഥിയെച്ചൊല്ലി പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ജമ്മു സിറ്റിയിലെ പാര്‍ട്ടി ആസ്ഥാനത്തായിരുന്നു പ്രതിഷേധം. ആദ്യം പുറത്തിറക്കിയ പട്ടികയില്‍ ജമ്മു നോര്‍ത്തിലെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് വിട്ടുവന്ന ശ്യാം ലാല്‍ ശര്‍മയെയായിരുന്നു പ്രഖ്യാപിച്ചത്. ഓമി ഖജുരിയയെ സ്ഥാനാര്‍ഥി ആക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെആവശ്യം. ശ്യാം ലാല്‍ ശര്‍മയെ ആര്‍ക്കും അറിയില്ലെന്നും ഖജുരിയയ്ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയില്ലെങ്കില്‍ തങ്ങള്‍ രാജിവെക്കുമെന്നുമായിരുന്നു പ്രവര്‍ത്തകരുടെ ഭീഷണി.
പ്രവര്‍ത്തകരുടെ ആശങ്ക മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചചെയ്യുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന പ്രതികരിച്ചു. പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, ടിക്കറ്റ് ലഭിക്കാത്തതില്‍ പരസ്യപ്രതികരണവുമായി എസ്.സി. മോര്‍ച്ച മുന്‍ അധ്യക്ഷന്‍ ജഗദീഷ് ഭഗതും രംഗത്തെത്തി. 18 വര്‍ഷമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന തന്നെ ഒഴിവാക്കി രണ്ടുദിവസംമുമ്പ് പാര്‍ട്ടിയില്‍ ചേര്‍ന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ മോഹന്‍ലാല്‍ ഭഗത്തിന് സ്ഥാനാര്‍ഥിത്വം നല്‍കിയെന്നും ജഗദീഷ് ഭഗത് പറഞ്ഞു.
ബി.ജെ.പി. ആദ്യം പുറത്തുവിട്ട പട്ടികയില്‍ അഖ്നൂരിലെ സ്ഥാനാര്‍ഥിയായിരുന്നു മോഹന്‍ലാല്‍ ഭഗത്. മൂന്നാംഘട്ടത്തിലാണ് പട്ടിക ജാതി സംവരണ മണ്ഡലമായ അഖ്നൂരില്‍ തിരഞ്ഞെടുപ്പ്. അഖ്നൂരും ജമ്മു നോര്‍ത്തിലേയും അടക്കമുള്ള സ്ഥാനാര്‍ഥി പട്ടികയാണ് ബി.ജെ.പി. പിന്നീട് പിന്‍വലിച്ചത്.
58 1 minute read