BREAKINGNATIONAL

നീതിദേവത ‘കണ്ണ്’ തുറന്നു; കൈയില്‍ വാളിനുപകരം ഭരണഘടന

ന്യൂഡല്‍ഹി: തുറന്ന കണ്ണുകള്‍. കൈയില്‍ വാളിനുപകരം ഇന്ത്യന്‍ ഭരണഘടന. വലതുകൈയിലെ തുലാസിന് മാറ്റമില്ല-സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ ലൈബ്രറിയില്‍ പുതുതായി പ്രതിഷ്ഠിച്ച നീതിദേവതയുടെ പ്രതിമ ഇങ്ങനെയാണ്. കണ്ണുകെട്ടി കൈയില്‍ വാളേന്തിയ നീതിദേവതപ്രതിമയ്ക്കുപകരമാണ് കണ്ണുതുറന്ന പ്രതിമ.
കൊളോണിയല്‍ കാലത്തുനിന്നുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നതാണ് മാറ്റമെന്നാണ് പുതിയ പ്രതിമ സ്ഥാപിച്ചതു സംബന്ധിച്ച ഔദ്യോഗികഭാഷ്യം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് പ്രതിമയുടെ ആശയത്തിനുപിന്നിലെന്നാണ് വിവരം.
നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണെന്ന സങ്കല്പത്തിലാണ് മുന്‍പ് നീതിദേവതപ്രതിമയുടെ കണ്ണുകെട്ടിയിരുന്നത്. കൈയിലെ വാള്‍ അനീതിക്കെതിരായ നടപടിയെടുക്കാനുള്ള അധികാരത്തെ സൂചിപ്പിച്ചിരുന്നു.
രാജ്യത്ത് നിയമം ആര്‍ക്കുനേരേയും കണ്ണടയ്ക്കുന്നില്ലെന്ന ആശയമാണ് പുതിയ പ്രതിമയിലുള്ളത്. വാള്‍ അക്രമത്തെ സൂചിപ്പിക്കുന്നതാണെന്നും കോടതി ഭരണഘടനപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് കൈയിലെ വാള്‍ നീക്കാനുള്ള കാരണമായി പറയുന്നത്. ഭരണഘടന മുറുകെപ്പിടിച്ച്, കണ്ണുറന്ന് നീതിനടപ്പാക്കുമെന്ന സന്ദേശമാണ് പുതിയ പ്രതിമ നല്‍കുന്നത്.
ബ്രിട്ടീഷ് കാലംമുതല്‍ നിലനിന്നിരുന്ന രാജ്യത്തെ മൂന്ന് ക്രിമിനല്‍നിയമങ്ങള്‍ മോദിസര്‍ക്കാര്‍ പൊളിച്ചെഴുതിയിരുന്നു. അതിനുപിന്നാലെയാണ് പരമോന്നത നീതിപീഠത്തിലെയും മാറ്റമെന്നത് ശ്രദ്ധേയം.
കാണാതെ എങ്ങനെയാണ് നീതിനല്‍കാനാവുകയെന്ന് അഭിപ്രായപ്പെട്ട കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പുതിയ പ്രതിമയെ പ്രകീര്‍ത്തിച്ചു. സംഘപരിവാറിന്റെ പ്രചാരവേലയാണിതെന്ന് ശിവസേന (ഉദ്ധവ് പക്ഷം) നേതാവ് സഞ്ജയ് റാവുത്ത് വിമര്‍ശിച്ചു

Related Articles

Back to top button