ആലപ്പുഴ: മുന്‍ മന്ത്രി ജി.സുധാകരനെതിരെ സിപിഎം നേതാവും അമ്പലപ്പുഴ എം.എല്‍.എയുമായ എച്ച്. സലാം രംഗത്ത്. ഗൗരിയമ്മ പാര്‍ട്ടിവിട്ടുപോകാനുള്ള മൂലകാരണം ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ആ കാരണത്തിന്റെ അടിസ്ഥാനം തേടി പോയാല്‍ പലതും പറയേണ്ടിവരുമെന്നും സുധാകരനെ പരോക്ഷമായി ഉന്നംവെച്ച് സലാം പറഞ്ഞു.
‘ആലപ്പുഴ ജില്ലയില്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് വലിയ ആഘാതമുണ്ടായത് ഗൗരിയമ്മ പാര്‍ട്ടി വിട്ടപ്പോഴാണ്. അതിനെ ആലപ്പുഴയിലെ പാര്‍ട്ടി അതിജീവിച്ചു. പഴയകാര്യം ആയതുകൊണ്ട് അതെല്ലാം ആളുകള്‍ മറന്നിട്ടുണ്ടാകും എന്നുവിചാരിച്ച് സംസാരിച്ചിട്ട് കാര്യമില്ല. പാര്‍ട്ടിക്ക് ആലപ്പുഴ ജില്ലയിലും സംസ്ഥാനത്തും നല്ല സംഭാവന നല്‍കിയ ആളാണ് ജി. സുധാകരന്‍. എല്ലാവരും ബഹുമാനിക്കുന്ന മുതിര്‍ന്ന നേതാവുമാണ്. പക്ഷെ എന്തുകൊണ്ടോ കഴിഞ്ഞ കുറച്ച് കാലമായി പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ള ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പരസ്യമായി പറയുന്നു. എന്തുകൊണ്ട് അദ്ദേഹം ഇത്തരത്തില്‍ പറയുന്നു എന്നത് ഒരു ചോദ്യമാണ്. സുധാകരനെ പരിഗണിച്ചപോലെ ഗൗരിയമ്മയെ പോലും പാര്‍ട്ടി പരിഗണിച്ചിട്ടില്ല. ഏഴ് തവണ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചു. കൂടാതെ മറ്റു പാര്‍ട്ടി ചുമതലകളും വഹിച്ചു’, സലാം കൂട്ടിച്ചേര്‍ത്തു.
സുധാകരന്റെ പൊളിറ്റിക്കല്‍ ക്രിമിനല്‍ പ്രയോഗത്തിനും എച്ച്. സലാം എംഎല്‍എ മറുപടി നല്‍കി. നമ്മള്‍ നില്‍ക്കുന്ന രാഷ്ട്രീയത്തിന് ദോഷമുണ്ടാക്കുന്ന കാര്യം ഞാന്‍ ചെയ്താല്‍ ഞാന്‍ പൊളിറ്റിക്കല്‍ ക്രിമിനല്‍ ആകും. അത് ആരും ചെയ്തുകൂടാ. ഒരു പാര്‍ട്ടിയില്‍ നില്‍ക്കുകയും ആ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കി എതിരാളിക്ക് ഗുണമുണ്ടാക്കുന്ന വര്‍ത്തമാനം പറയുന്നതും ഒരുതരത്തില്‍ പൊളിറ്റിക്കല്‍ ക്രിമിനലിസമാണെന്ന് പരോക്ഷമായി അദ്ദേഹം വിമര്‍ശിച്ചു. പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ കൈയ്യിലാണ് ആലപ്പുഴയിലെ മാധ്യമങ്ങളെന്ന് കഴിഞ്ഞദിവസം ജി.സുധാകരന്‍ പറഞ്ഞിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് സുധാകരന്‍ രംഗത്തെത്തിയിരുന്നു. മോദി ശക്തനായ ഭരണാധികാരിയാണെന്നും ബിജെപി മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടായിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുധാകരന് സീറ്റ് ലഭിച്ചിരുന്നില്ല. പ്രായപരിധി മാനദണ്ഡം പാലിച്ചതിനാല്‍ സംസ്ഥാനസമിതിയില്‍ ഇടം കിട്ടിയതുമില്ല. ഇതിനുശേഷം പാര്‍ട്ടിക്കെതിരെ പലതവണ സുധാകരന്‍ രംഗത്തെത്തിയിരുന്നു.
1,115 1 minute read