കനത്ത മഴയെ തുടര്‍ന്ന് ഗംഗാനദിയിലെ ജലനിരപ്പ് മണിക്കൂറില്‍ നാല് സെന്റീമീറ്റര്‍ എന്ന തോതില്‍ ഉയരുന്നുണ്ടെന്നും വരും ദിവസങ്ങളിലും ഇത് ഇനിയും ഉയരും എന്നുമാണ് കേന്ദ്ര ജലകമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോകാത്ത വീടൊരുക്കി ബീഹാറില്‍ നിന്നുള്ള യുവാവ് ശ്രദ്ധേയനാവുകയാണ്. ഈ വീട് സ്ഥിതി ചെയ്യുന്നത് മറ്റെവിടെയുമല്ല, ഗംഗാനദിയുടെയുടെ മുകളിലാണ്.
ഒരു വര്‍ഷം മുമ്പ് നിര്‍മിച്ചതാണ് ഈ വ്യത്യസ്തമായ വീട്. ആറയില്‍ താമസിക്കുന്ന പ്രശാന്ത് കുമാര്‍ എന്ന വ്യക്തിയുടേതാണ് ഈ വ്യത്യസ്തമായ ആശയം. തന്റെ വീട് പലതവണ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നതിനാലാണ്, മുങ്ങിപ്പോകാത്ത ഒരു വീട് നിര്‍മ്മിക്കാന്‍ ഇദ്ദേഹം തീരുമാനിച്ചതത്രേ. ഈ വ്യത്യസ്തമായ ആശയം പ്രാവര്‍ത്തികമാക്കാന്‍ കാനഡ, ജര്‍മനി, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ താമസിക്കുന്ന തന്റെ സുഹൃത്തുക്കളുടെയും ഉപദേശം ഇദ്ദേഹം സ്വീകരിച്ചിരുന്നു. കൂടാതെ ഇത്തരത്തിലുള്ള വീടുകളുടെ നിര്‍മാണത്തെക്കുറിച്ച് വിദഗ്ധഭിപ്രായവും നിരവധി പഠനങ്ങളും നടത്തിയതിനുശേഷമാണ് പ്രശാന്ത് കുമാര്‍ വെള്ളത്തില്‍ മുങ്ങിപ്പോകാത്ത ഈ വീട് നിര്‍മ്മിച്ചത്.
കൃത്പുര ഗ്രാമത്തിനടുത്താണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. താല്‍ക്കാലികമായി നിര്‍മിച്ച വീട് എപ്പോള്‍ വേണമെങ്കിലും ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റാന്‍ സാധിക്കും. പ്രശാന്ത് കുമാര്‍ പറയുന്നതനുസരിച്ച് വെള്ളത്തിനടിയില്‍ ഇരുമ്പ് കോണുകള്‍ ഉപയോഗിച്ചാണ് വീട് ഉറപ്പിച്ചിരിക്കുന്നത്. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ അതും ഒപ്പം ഒഴുകുന്നു. കൂടാതെ വളരെയധികം ഭാരം കുറഞ്ഞ വെള്ളം ബാധിക്കാത്ത ഒരു വസ്തു കൊണ്ടാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത് എന്നും പ്രശാന്ത് അവകാശപ്പെടുന്നു. മറ്റേതൊരു വീട്ടിലും ഉള്ളതുപോലെ തന്നെ കിടപ്പുമുറി, അടുക്കള, കുളിമുറി എന്നീ സൗകര്യങ്ങള്‍ ഈ വെള്ളത്തില്‍ പൊങ്ങിക്കിടക്കും വീട്ടിലും ഉണ്ടെന്നാണ് പ്രശാന്ത് പറയുന്നത്.
2017 -ല്‍ സ്‌കോട്ട്ലന്‍ഡില്‍ പോയപ്പോഴാണ് ഇത്തരത്തിലുള്ള വീടുകള്‍ പ്രശാന്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീടും അദ്ദേഹം പല രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ഇത്തരം വീടുകളെക്കുറിച്ച് കൂടുതല്‍ പഠനം നടത്തുകയും ചെയ്തു. പിന്നീടാണ് ബീഹാറില്‍ വന്നതിനു ശേഷം ഇദ്ദേഹം ഈ വീടിന്റെ പണി ആരംഭിച്ചത്. നിലവില്‍ ആറ് ലക്ഷം രൂപയാണ് വീടിന്റെ നിര്‍മ്മാണത്തിന് ചെലവ്.
64 1 minute read