BREAKING NEWS

അധികാരം ബാക്കിയുള്ളത് രണ്ട് സംസ്ഥാനങ്ങളില്‍… കോണ്‍ഗ്രസ് ഇനി എന്ത്

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നീങ്ങുന്നത്. ഉത്തരാഖണ്ഡിലും ഗോവയിലും അധികാരത്തില്‍ തിരിച്ചെത്താമെന്ന മോഹം പാളിയെന്ന് മാത്രമല്ല അധികാരത്തിലുണ്ടായിരുന്ന പഞ്ചാബില്‍ പാര്‍ട്ടി ഏതാണ്ട് നാമവശേഷമാവുകയും ചെയ്തു. ഇന്ത്യയില്‍ ഇനി കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ ബാക്കിയുള്ളത് രാജസ്ഥാനിലും ചത്തീസ്ഗഢിലും മാത്രമാണ്.
രാജസ്ഥാനും ചത്തീസ്ഗഢും കഴിഞ്ഞാല്‍ മൂന്ന് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി മുന്നണിസഖ്യത്തിന്റെ ഭാഗമായി അധികാരത്തിലുണ്ട്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുമായുള്ള സഖ്യത്തില്‍ ജാര്‍ഖണ്ഡും ശിവസേന എന്‍സിപി സഖ്യത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലും, ഡിഎംകെ സഖ്യത്തില്‍ തമിഴ്‌നാട്ടിലുമാണ് പാര്‍ട്ടിക്ക് അധികാരമുള്ളത്.
പാര്‍ട്ടിക്ക് ഇപ്പോള്‍ വന്നു നില്‍ക്കുന്ന ഈ പരാജയത്തിന്റെ ഉത്തരവാദിത്തം പ്രധാനമായും ഗാന്ധികുടുംബത്തിന് തന്നെയാണ് എന്നതില്‍ സംശയമില്ല. പാര്‍ട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തികേന്ദ്രമായിട്ടും ഒന്നരപതിറ്റാണ്ടിലേറെയായി പാര്‍ട്ടി നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും യാതൊരു പരിഹാരവും കാണാന്‍ നേതൃത്വത്തിനായിട്ടില്ല. ഇപ്പോള്‍ അധികാരത്തിലുള്ള രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെല്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. മധ്യപ്രദേശില്‍ കമല്‍നാഥുമായി ഇടഞ്ഞ ജ്യോതിരാതിദ്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്ന് കേന്ദ്രമന്ത്രിയായി.
പാര്‍ട്ടി പ്രസിഡന്റ സ്ഥാനം രാജിവച്ചെങ്കിലും രാഹുല്‍ തന്നെയാണ് ഇപ്പോഴും പാര്‍ട്ടിയുടെ അവസാനവാക്ക്. ഇടക്കാല അധ്യക്ഷയായി തുടരുന്ന സോണിയ ഗാന്ധിക്കും യുപിയില്‍ അഞ്ച് വര്‍ഷം പാര്‍ട്ടിയെ നയിച്ച പ്രിയങ്ക ഗാന്ധിക്കും നിലവിലെ പരാജയത്തില്‍ തുല്യ ഉത്തരവാദിത്തമുണ്ട്. യുപിയിലെ വലിയ പരാജയത്തോടെ പ്രിയങ്കയുടെ നേതൃത്വവും ചോദ്യം ചെയ്യപ്പെടുന്ന നിലയാണ്.
ഇപ്പോള്‍ ഉണ്ടായ കനത്ത പരാജയത്തില്‍ എന്തെങ്കിലും ആത്മപരിശോധനയ്‌ക്കോ തിരുത്തല്‍ നടപടികള്‍ക്കോ പാര്‍ട്ടി നേതൃത്വം തയ്യാറാവും എന്ന് ആരും പ്രതീക്ഷിക്കുന്നില്ല. സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി വേണുഗോപാല്‍ അടക്കം രാഹുല്‍ ഗാന്ധിയോട് അനുഭാവം കാണിക്കുന്ന പ്രമുഖ നേതാക്കളും ഒരു മാറ്റത്തിനായി ഇതുവരെ വാദിച്ചിട്ടില്ല. ശക്തമായ തിരുത്തല്‍ നടപടികള്‍ അവര്‍ ഇനി ആവശ്യപ്പെടാനും സാധ്യതയില്ല.
നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയിലെ ശ്രദ്ധാകേന്ദ്രം വിമതനേതാക്കളുടെ കൂട്ടായ്മയായ ജി23 ആണ് . പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിലും നേതൃത്വത്തിന്റെ നയങ്ങളിലും മാറ്റം വേണമെന്ന് അവര്‍ ശക്തിയായി ആവശ്യപ്പെടുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ആ ആവശ്യം കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ ശക്തമായി ഉന്നയിക്കും എന്ന് ഉറപ്പാണ്. ജി23 ഗ്രൂപ്പിന്റെ സമ്മര്‍ദ്ദത്തിന്റെ കൂടി ഫലമായിട്ടാണ് സംഘടനാ തെരഞ്ഞെടുപ്പിന് നേതൃത്വം തയ്യാറായത്. എന്നിട്ടും അതിനുള്ള നടപടിക്രമങ്ങള്‍ മന്ദഗതിയിലാണ് നീങ്ങുന്നത്.
പലകാരണങ്ങള്‍ കൊണ്ട് നിര്‍ണായകമായ വര്‍ഷമാണ് 2022. അതിലൊന്ന് ഇപ്പോള്‍ കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് മറ്റൊന്ന് രണ്ടോ മൂന്നോ മാസത്തിനകം നടക്കാനുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പാണ്. നവംബറില്‍ ഹിമാചല്‍ പ്രദേശിലും, ഡിസംബറില്‍ ഗുജറാത്തിലും തെരഞ്ഞെടുപ്പ് നടക്കും. അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും വിജയിച്ചതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ സുഖസുന്ദരമായി ജയിപ്പിക്കാന്‍ എന്‍ഡിഎയ്ക്ക് സാധിക്കും. ഒരു മത്സരം നടക്കണമെങ്കില്‍ പ്രതിപക്ഷനിരയില്‍ ഐക്യമുണ്ടാവുകയും സര്‍വ്വസ്വീകാര്യനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയും ചെയ്യേണ്ടതായിട്ടുണ്ട്.
കോണ്‍ഗ്രസ് തുട!ര്‍ച്ചയായി പരാജയപ്പെടുകയും കക്ഷി നേതാക്കള്‍ക്കിടയില്‍ ഐക്യം സൃഷ്ടിക്കാന്‍ രാഹുലിന് സാധിക്കാതെ വരികയും ചെയ്തതോടെ മുഖ്യപ്രതിപക്ഷമായി മാറാനുള്ള ശ്രമത്തിലാണ് പ്രാദേശിക പാര്‍ട്ടികളും നേതാക്കളും. പ്രശാന്ത് കിഷോറിന്റേയും അഭിഷേക് മുഖര്‍ജിയുടേയും പിന്തുണയോടെ മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയരാഷ്ട്രീയത്തില്‍ സ്വന്തമായി ഒരിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബിജെപി ഉയര്‍ത്തിയ കനത്ത വെല്ലുവിളിയെ അതിജീവിച്ച് ബംഗാള്‍ തെരഞ്ഞെടുപ്പില്‍ നേടിയ വിജയവും മോദിയേയും അമിത് ഷായേയും നേര്‍ക്കുനേര്‍ നേരിടാനുള്ള തന്റേടവും മമതയെ വ്യത്യസ്തയാകുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മറുകണ്ടം ചാടിച്ച് പാര്‍ട്ടിയെ ദേശീയതലത്തില്‍ ശക്തിപ്പെടുത്താനുള്ള നീക്കവും അവര്‍ നടത്തുന്നുണ്ട്.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവും തമിഴ്‌നാട് മുഖ്യമന്ത്രി എ.കെ.സ്റ്റാലിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും ബിജെപിക്കെതിരെ ഒരു വിശാല പ്രതിപക്ഷ സഖ്യം എന്ന ലക്ഷ്യത്തിനായി പ്രയത്‌നിക്കുന്നവരാണ്. എന്നാല്‍ പ്രാദേശിക പാര്‍ട്ടി എന്ന നിലയിലുള്ള പരിമിതകള്‍ പലപ്പോഴും ഇവര്‍ക്ക് വിലങ്ങുതടിയാവുന്നു. മമതയും ചന്ദ്രശേഖരറാവുവും സ്റ്റാലിനുമെല്ലാം കരുത്തുള്ള നേതാക്കളാണെങ്കിലും സ്വന്തം പാര്‍ട്ടിയേയും സര്‍ക്കാരിനേയും നയിക്കേണ്ട ഇവര്‍ക്ക് ഒരു ദേശീയ നേതാവ് എന്ന ഉത്തരവാദിത്തം ഏറ്റെടുക്കാനാവുന്നില്ല എന്നതാണ് സത്യം.

Related Articles

Back to top button