BREAKING NEWSKERALA

അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ പുറത്താക്കി ഡിവൈഎഫ്‌ഐ

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗമായ അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയായ സജേഷിനെ പ്രാഥമിക അംഗത്തില്‍ നിന്ന് പുറത്താക്കിയതായി ഡിവൈഎഫ്‌ഐ. ഡി.വൈ.എഫ്.ഐ. ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമായി സജേഷിനെ പുറത്താക്കിയതായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജന്‍ അറിയിച്ചു.
സംഘടനയ്ക്ക് യോജിക്കാത്ത തരത്തില്‍ സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് നേരത്തെ വ്യക്തമായിരുന്നു. വിഷയത്തില്‍ ഡിവൈഎഫ്‌ഐ പ്രതിസന്ധിയിലായതോടെയാണ് നടപടി സ്വീകരിച്ചത്.
തന്റെ അനുവാദം ഇല്ലാതെയാണ് അര്‍ജുന്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന് കാറ് കൊണ്ടുപോയത് എന്ന് കാണിച്ച് സജേഷ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാര്‍ കാണാതായതിന് തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി സജീഷ് പരാതി നല്‍കിയിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ടത് സജേഷിന്റെ കാര്‍ തന്നെയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
സജേഷിന്റെ കാര്‍ എന്തൊക്കെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചതെന്നത് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. സജേഷിന് ഇത്തരത്തില്‍ ഒരു കാറുളള വിവരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് പുറത്ത് വന്ന വിവരം. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി മുഖ്യ കണ്ണിയെന്നാണ് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. കരിപ്പൂരില്‍ പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

Related Articles

Back to top button