BREAKING NEWSFOOTBALLSPORTS

ഇനി കാല്‍പന്ത് ആരവം; ലോകകപ്പിന് ഇന്ന് കിക്കോഫ്

ദോഹ’ ലോകം മുഴുവന്‍ ഇനിയുള്ള നാളുകള്‍ ഒരു പന്തിനൊപ്പം കണ്ണോടിക്കും. കളിക്കളത്ത് പുറത്തെങ്കിലും മനസ് ആ പന്തിന് പിന്നാലെ ഒരു പോരാളിയെ പായും. വേട്ടക്കാരന്റെ കൗശലത്തോടെ ഗോള്‍ വലയിലെ വേട്ടയാടലുകള്‍ക്ക് വേണ്ടി വെമ്പല്‍ കൊള്ളും. അക്ഷരാര്‍ത്ഥത്തില്‍ ലോകം മുഴുവന്‍ ഇനിയുള്ള നാളുകളില്‍ പന്തിനൊപ്പമുരുളും.
ലാറ്റിനമേരിക്ക, യൂറോപ്പ്, പരിമിതികളുണ്ടെങ്കിലും ഏഷ്യയും റഷ്യയും, വമ്പന്‍മാരുടെ വീമ്പുമായി അര്‍ജന്റീനയും ബ്രസീലും ലോക കിരീടത്തിനായി മോഹിക്കുന്നവര്‍ അങ്ങനെ ഏറെയുണ്ട്.
രണ്ട് പതിറ്റാണ്ടിനുശേഷമുള്ള കിരീടമാണ് ബ്രസീല്‍ ലക്ഷ്യം വെക്കുന്നതെങ്കില്‍ അര്‍ജന്റീനയാകട്ടെ ലയണല്‍ മെസിയെന്ന വിസ്മയത്തിലാണ് പ്രതീക്ഷവയ്ക്കുന്നത്. 1986ല്‍ മാറഡോണക്കുശേഷമൊരു പൊന്‍കിരീടം സമ്മാനിക്കാന്‍ മെസിയുടെ ബൂട്ടുകള്‍ക്കാകുമോ? അതോ നെയിമറിന്റെ ?ഗോള്‍ വേട്ടയോ ? ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്.
പ്രഥമ ഫുട്‌ബോള്‍ ലോകകപ്പിന് എല്ലാ ഒരുക്കവും പൂര്‍ത്തിയായതിന്റെ നിറവിലാണ് ആതിഥേയ രാഷ്ട്രമായ ഖത്തര്‍. ദോഹയുടെ ഹൃദയഭൂമിയില്‍ നിന്ന് 60 കിലോമീറ്ററോളം അകലെ അല്‍ ഖോറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ലോകകപ്പ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമാകും. രാത്രി 9.30ന് ഗ്രൂപ്പ് എയില്‍ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം. വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്നാണ് ഉദ്ഘാടനച്ചടങ്ങില്‍ ഒരുക്കുന്നത്. 60,000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയം ആരാധകരെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
വിവിധ രാജ്യക്കാരായ കലാകാരന്മാരുടെ പ്രകടനങ്ങളോടെയാണ് ദോഹ മെട്രോയിലും ബസിലും കാറിലുമെല്ലാം എത്തുന്ന ആരാധകരെ സ്റ്റേഡിയത്തിലേക്കു സ്വീകരിക്കുക. സ്റ്റേഡിയത്തിനു ചുറ്റുമുള്ള വിശാലമായ പാര്‍ക്കിലും ആരാധകര്‍ക്ക് വിശ്രമിക്കാനും ഉല്ലസിക്കാനുമുള്ള സൗകര്യങ്ങളുണ്ട്. ഭക്ഷണ, പാനീയ ശാലകളും തയാര്‍.
ഡിസംബര്‍ 18 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ 12 ലക്ഷത്തിലധികം ആരാധകരെത്തുമെന്നാണു പ്രതീക്ഷ. കാണികള്‍ക്ക് അവിസ്മരണീയ അനുഭവം സമ്മാനിച്ചായിരിക്കും ഫാന്‍ സോണുകളുടെ പ്രവര്‍ത്തനം. സംഗീത പരിപാടികള്‍, സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍, തെരുവുകളിലെ പ്രകടനങ്ങള്‍ തുടങ്ങിയവയൊക്കെ കാഴ്ചവിരുന്നിന്റെ ഭാഗമാണ്. അറബ് പാരമ്പര്യവും കലാരൂപങ്ങളും നിറയുന്ന ഉദ്ഘാടനച്ചടങ്ങ് സസ്‌പെന്‍സാണ്. കൊറിയന്‍ ബാന്‍ഡ് ബിടിഎസിലെ ഗായകന്‍ ജുങ് കൂങ് ‘ഡ്രീമേഴ്‌സ്’ ഗാനമൊരുക്കും. ഇന്ത്യന്‍ പ്രതിനിധിയായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനവേദിയിലുണ്ടാകും.
ഖത്തറിന്റെ വിവിധ ഭാഗങ്ങളിലും 8 മത്സരവേദികളുടെ ചുറ്റുമായും വിനോദപരിപാടികള്‍ ഉണ്ടാകും. ഫാന്‍ സോണുകള്‍ക്ക് പുറമേ, രാജ്യത്തുടനീളമായുള്ള 21 പ്രദേശങ്ങളിലായി സാംസ്‌കാരിക പരിപാടികള്‍ നടക്കും. കത്താറ, സൂഖ് വാഖിഫ്, മിഷെറീബ് ഡൗണ്‍ടൗണ്‍ ദോഹ എന്നിവിടങ്ങളിലും ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

Related Articles

Back to top button