BREAKINGNATIONAL

കന്‍വര്‍ യാത്ര; യുപി സര്‍ക്കാരിന്റെ വിവാദ ഉത്തരവില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍, ഉത്തരവ് സ്റ്റേ ചെയ്തു

ദില്ലി: കന്‍വര്‍ യാത്രാ വഴിയിലെ ഭക്ഷണശാലകളില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദര്‍ശിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. താല്‍കാലികമായാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഉത്തരവിനെതിരായ ഹര്‍ജികളില്‍ യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് എസ്‌വിഎന്‍ ഭട്ടി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. ഏത് ഭക്ഷമാണ് വിതരണം ചെയ്യുന്നതെന്ന് ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
വിവിധ വ്യക്തികള്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രയും സന്നദ്ധ സംഘടനകളുമടക്കം സര്‍ക്കാര്‍ ഉത്തരവുകള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഉത്തരവ് വിഭാഗീയത വളര്‍ത്താന്‍ കാരണമാകുമെന്നും, ഒരു വിഭാഗക്കാര്‍ക്കെതിരെ സാമ്പത്തിക ഭ്രഷ്ട് കല്‍പിക്കാന്‍ സാഹചര്യം ഒരുക്കുമെന്നുമാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. അതേസമയം, കന്‍വര്‍ യാത്രക്ക് ഇന്ന് തുടക്കമായി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഗംഗാജലം ശേഖരിക്കാന്‍ പോകുന്ന തീര്‍ത്ഥാടകര്‍ നടക്കുന്ന വഴികളില്‍ ഡ്രോണ്‍ നിരീക്ഷണം അടക്കം ഏര്‍പ്പെടുത്തിയതായി യുപി പോലീസ് അറിയിച്ചു.
കന്‍വര്‍ തീര്‍ത്ഥാടകര്‍ യാത്ര ചെയ്യുന്ന മുസഫര്‍ ജില്ലയിലെ വഴികളിലെ ഭക്ഷണ ശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന യുപി സര്‍ക്കാര്‍ ഉത്തരവാണ് വിവാദമായത്. നടപടിക്കെതിരെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയെങ്കിലും മറ്റ് ജില്ലകളിലും യുപി സര്‍ക്കാര്‍ സമാന നിര്‍ദേശം നല്‍കിയതോടെ വിവാദം ശക്തമായി. മധ്യപ്രദേശിലെ ഉജ്ജയിനിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും സമാന ഉത്തരവ് നല്‍കിയിരുന്നെന്ന വിവരവും പുറത്തുവന്നു. എന്‍ഡിഎയിലെ സഖ്യകക്ഷികള്‍ പോലും എതിര്‍പ്പ് പരസ്യമാക്കിയെങ്കിലും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് യോഗി ആദിത്യനാഥ് ആവര്‍ത്തിച്ചിരുന്നു.

Related Articles

Back to top button