BREAKINGINTERNATIONAL

ജനനിരക്ക് കുറയുന്നു, വിദേശരാജ്യങ്ങളില്‍ നിന്നും നാനിമാരെ വാടകയ്ക്ക് എടുക്കാന്‍ ദക്ഷിണകൊറിയ

ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനന നിരക്ക് റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി മാറിയതോടെ പ്രതിസന്ധി മറികടക്കാന്‍ വഴികള്‍ തേടി ദക്ഷിണ കൊറിയ. ഇതിന്റെ ഭാഗമായി കുട്ടികളെ നോക്കാന്‍ വീടുകളില്‍ ആരുമില്ലാത്ത ജോലിക്കാരായ മാതാപിതാക്കള്‍ക്ക് ഇനിമുതല്‍ വിദേശരാജ്യങ്ങളില്‍ നിന്നും നാനിമാരെ വാടകയ്ക്ക് എടുക്കാം. ഇതിന്റെ ആദ്യപടിയെന്നോണം 100 ഫിലിപ്പിനോ നാനിമാര്‍ക്ക് സര്‍ക്കാര്‍ വിസ അനുവദിച്ചു. കുട്ടികളെ പരിപാലിക്കുന്നതിനായി ആരുമില്ല എന്നുള്ളത് ജോലി ചെയ്യുന്ന രക്ഷിതാക്കള്‍ക്കിടയിലെ പ്രധാന ആശങ്കകളിലൊന്നായി ഉയര്‍ന്നു വന്നതോടെയാണ് ഇത്തരത്തില്‍ ഒരു പരിഹാരം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സ്ത്രീക്ക് 0.72 കുട്ടികള്‍ എന്ന ലോകത്തിലെ ഏറ്റവും കുറഞ്ഞ ഫെര്‍ട്ടിലിറ്റി നിരക്കാണ് ദക്ഷിണ കൊറിയയില്‍. കുട്ടികളെ സംരക്ഷിക്കാന്‍ ആളുകള്‍ ഇല്ലാത്തത് യുവതലമുറയിലെ ദമ്പതിമാര്‍ കുട്ടികള്‍ വേണ്ട എന്ന് വെക്കുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടതോടെയാണ് വിദേശ നാനിമാരെ ജോലിക്കായി രാജ്യത്തേക്ക് കൊണ്ടുവരാന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന്‍ തീരുമാനിച്ചത്. പ്രാരംഭഘട്ടത്തിന് ശേഷം, 2025 ന്റെ ആദ്യ പകുതിയോടെ ഏകദേശം 1,200 വിദേശ നാനിമാരെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍, വിദേശത്തുനിന്നും വരുന്ന നാനിമാരെ ജോലിക്ക് എടുക്കുക എന്നത് കൊറിയന്‍ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിദേശ നാനിമാരെ പ്രതിദിനം 8 മണിക്കൂര്‍ വാടകയ്ക്കെടുക്കുകയാണെങ്കില്‍ കൊറിയന്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 2.38 ദശലക്ഷം വോണ്‍ ചെലവഴിക്കേണ്ടി വരും. ഇത് കൊറിയന്‍ കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വരുമാനത്തിന്റെ പകുതിയോളം വരും. അതുകൊണ്ടുതന്നെ ഈ ചെലവ് ലഘൂകരിക്കാനുള്ള പദ്ധതികള്‍ തേടുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍.

Related Articles

Back to top button