BREAKING NEWSKERALALATESTPOLITICS

പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും തീവ്രവാദത്തോട് സന്ധി ചെയ്യുകയാണെന്ന് കുമ്മനം

തിരുവനന്തപുരം: പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും തീവ്രവാദത്തോട് സന്ധി ചെയ്യുകയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. സഭയുടെ വികാരം മനസിലാക്കാനും വിഷയം ചര്‍ച്ച ചെയ്യാനുമുള്ള സാമാന്യ മര്യാദ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ കാട്ടേണ്ടതായിരുന്നു. മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദനും സീറോ മലബാര്‍ സഭാ സിനഡും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ അതേ കാര്യം പാലാ ബിഷപ്പ് ഇപ്പോള്‍ പറഞ്ഞപ്പോള്‍ അവ എങ്ങനെ വര്‍ഗ്ഗീയ പ്രശ്‌നമായെന്ന് സി.പി.എമ്മും കോണ്‍ഗ്രസും വ്യക്തമാക്കണമെന്നും കുമ്മനം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കുമ്മനത്തിന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം :

നഗ്‌ന യാഥാര്‍ത്ഥ്യം ധീരമായി വെട്ടിത്തുറന്നു പറഞ്ഞതിന്റെ പേരില്‍ പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും തീവ്രവാദത്തോട് സന്ധി ചെയ്യുകയാണ്. പാലാ ബിഷപ്പ് പ്രകടിപ്പിച്ചത് തന്റെ സഭയില്‍പെട്ട വിശ്വാസികളുടെ ഉല്‍ക്കണ്ഠയും വേദനയുമാണ്. സഭയുടെ വികാരം മനസിലാക്കാനും വിഷയം ചര്‍ച്ച ചെയ്യാനുമുള്ള സാമാന്യ മര്യാദ ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ കാട്ടേണ്ടതായിരുന്നു. മറിച്ചു ബിഷപ്പിനെ കുറ്റപ്പെടുത്താനും ഉന്നയിച്ച ആക്ഷേപങ്ങളോടും ആവലാതികളോടും നിശബ്ദത പുലര്‍ത്താനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പ്രശ്‌നം പരിഹരിക്കുകയല്ലാ , പ്രശ്‌നം ഉന്നയിച്ചവവരെ പ്രതിക്കൂട്ടിലാക്കി പകവീടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.

ലൗ ജിഹാദ് വിഷയം കേരളത്തില്‍ ആദ്യമായല്ല ഉയരുന്നത്. മുഖ്യമന്ത്രിയായിരിക്കെ വി.എസ് .അച്യുതാനന്ദന്‍ ലൗ ജിഹാദിന്റെ അപകടമായ പ്രത്യാഘാതങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2020 ജനുവരി 14 ന് കൊച്ചിയില്‍ ചേര്‍ന്ന സീറോ മലബാര്‍ സഭാ സിനഡ് യോഗം ലൗ ജിഹാദ് മതസൗഹാര്‍ദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയില്‍ വളര്‍ന്നു വരുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

ഐ എസിലേക്ക് റിക്രൂട്ട ചെയ്യപ്പെട്ടവരില്‍ പകുതിയും ക്രൈസ്തവരാണെന്നു തെളിവ് സഹിതം സഭാ സിനഡ് പാസ്സാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കുകയുണ്ടായി. മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദനും സീറോ മലബാര്‍ സഭാ സിനഡും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ അതേ കാര്യം പാലാ ബിഷപ്പ് ഇപ്പോള്‍ പറഞ്ഞപ്പോള്‍ അവ എങ്ങനെ വര്‍ഗ്ഗീയ പ്രശ്‌നമായെന്നു സി പി എമും കോണ്‍ഗ്രസ്സും വ്യക്തമാക്കണം.

ലൗ -നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തിലുള്ള ബിഷപ്പിന്റെ വെളിപ്പെടുത്തല്‍ ഒരു തരത്തിലും വര്‍ഗീയത വളര്‍ത്താന്‍ ഇടയാക്കിയില്ല. കാരണം പ്രണയം നടിച്ചും മയക്കു മരുന്ന് നല്‍കിയും നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റുന്നത് മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന സാമൂഹ്യവിപത്തും തിന്മയുമാണ്. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമാണിത്. മയക്കുമരുന്നിനെ മതവുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്ന് പ്രസ്താവിക്കുന്ന മുഖ്യമന്ത്രി തന്നെ മയക്കുമരുന്നിനെ മതവുമായി കൂട്ടിക്കെട്ടി പാലാ ബിഷപ്പിനെ ആഞ്ഞുപ്രഹരിക്കുകയാണ്. വസ്തുതകളെ തമസ്‌ക്കരിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ലൗ ജിഹാദിനെയും മയക്കുമരുന്നു ജിഹാദിനെയും വെള്ളപൂശാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഫലത്തില്‍ തീവ്രവാദത്തിന് ശക്തി പകരുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പ്രണയം, മയക്കുമരുന്ന് തുടങ്ങിയ പ്രലോഭനങ്ങള്‍ വഴി മതം മാറ്റുന്നതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ഒരു പൊതു ചര്‍ച്ച നടത്താന്‍ ഈ നേതാക്കള്‍ തയ്യാറാകുന്നില്ല. പ്രശ്‌നത്തെക്കുറിച്ചുള്ള ചര്‍ച്ചയോ ആശയ സംവാദമോ അല്ല പ്രശ്‌നം ഉന്നയിച്ചവരെ ചെളി വാരിയെറിഞ്ഞ് വിഷയം തമസ്‌കരിക്കുകയാണ് സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ലക്ഷ്യം.

Related Articles

Back to top button