BREAKING NEWSLATESTNATIONALTOP STORY

പെഗാസസ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ റാമും ശശികുമാറും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരായ എന്‍.റാം, ശശികുമാര്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

ഇസ്രായേലി ചാര സോഫ്‌റ്റ്വെയറായ പെഗാസസ് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപയോഗിക്കുന്നുവോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൈനിക തലത്തില്‍ ഉപയോഗിക്കുന്ന സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

പെഗാസസ് ചോര്‍ത്തലിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ എത്തുന്ന മൂന്നാമത്തെ ഹര്‍ജിയാണിത്. അഭിഭാഷകന്‍ എം.എല്‍.ശര്‍മ, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ മറ്റ് രണ്ട് പേര്‍.

നേരത്തെ ഫോണ്‍ ചോര്‍ത്തലില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. രണ്ട് റിട്ടയേഡ് ജസ്റ്റിസുമാരടങ്ങുന്ന കമ്മിഷനെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. കല്‍ക്കട്ട ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജ്യോതിര്‍മയ് ഭട്ടാചാര്യ, സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം.ബി ലോകുര്‍ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. മമതയുടെ അനന്തരവനും തൃണമൂല്‍ എം.പിയുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണും ചോര്‍ത്തപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ചോര്‍ത്തല്‍ വിവരം പുറത്ത് വന്ന് ഇത്രയും ദിവസമായിട്ടും കേന്ദ്രം നിഷ്‌ക്രിയമാണെന്നും അതുകൊണ്ടാണ് സ്വന്തം നിലയില്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും അവര്‍ പറഞ്ഞു. ബംഗാളില്‍ നിന്നുള്ള നിരവധിപേരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിരിക്കുന്നുവെന്നും തങ്ങള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം എന്ന മാതൃക മറ്റുള്ളവരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മമത കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button