BREAKINGNATIONAL

മൃഗശാലയിലേക്ക് മൃഗങ്ങളുമായി എത്തിയ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു, കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട് മുതലകള്‍

ഹൈദരബാദ്: മൃഗശാലയില്‍ നിന്ന് മൃഗങ്ങളെ മാറ്റുന്നതിനിടെ ലോറി തലകീഴായി മറിഞ്ഞു. ജനവാസമേഖലയിലേക്ക് രക്ഷപ്പെട്ട് മുതലകള്‍. രണ്ട് വെള്ള കടുവ അടക്കമുള്ള മൃഗങ്ങളായിരുന്നു ഈ ലോറിയിലുണ്ടായിരുന്നത്. തെലങ്കാനയിലെ മോന്‍ഡിഗുട്ടയില്‍ വച്ചാണ് അമിത വേഗതയില്‍ സഞ്ചരിച്ചിരുന്ന ലോറി ദേശീയ പാതയില്‍ തലകീഴായി മറിഞ്ഞത്. ബീഹാറിലെ പട്‌നയില്‍ നിന്ന് കര്‍ണാടകയിലെ മൃഗശാലയിലേക്കായിരുന്നു മൃഗങ്ങളെ മാറ്റിയിരുന്നത്.
അമിത വേഗതയില്‍ സഞ്ചരിച്ചിരുന്ന ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷമാണ് തലകീഴായി മറിഞ്ഞത്. വ്യാഴാഴ്ചയായിരുന്നു അപകടം. നിര്‍മ്മല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അപകടം. ദേശീയ പാത 44ആയിരുന്നു അപകടമുണ്ടായത്. എട്ട് മുതലകളായിരുന്നു ലോറിയിലെ കൂടിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ രണ്ട് മുതലകളാണ് സമീപ മേഖലകളിലേക്ക് രക്ഷപ്പെട്ടത്. കടുവകള്‍ അടക്കമുള്ള മറ്റ് മൃഗങ്ങള്‍ കൂടിന് പരിക്കേല്‍ക്കാത്തതിനാല്‍ മറിഞ്ഞ ലോറിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ വനംവകുപ്പ് അധികൃതരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് മുതലകളെ പിടികൂടിയത്. ഇവയെ മറ്റൊരു വാഹനത്തിലാക്കി ബെംഗളൂരുവിലെ ബന്നര്‍ഘട്ട നാഷണല്‍ പാര്‍ക്കിലേക്ക് അയച്ചു. പട്‌നയിലെ സഞ്ജയ് ഗാന്ധി ബയോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് മൃഗങ്ങളുമായി എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പശ്ചിമ ബംഗാളിലെ സാങ്ക്പൂര്‍ സ്വദേശിയായ 51കാരന്‍ അബ്ദുള്‍ മന്നന്‍ മണ്ഡലിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
അമിത വേഗതയില്‍ വാഹനം ഓടിച്ചതാണ് അപകടമുണ്ടായതിന് പിന്നിലെന്നാണ് നിര്‍മ്മല്‍ പൊലീസ് സൂപ്രണ്ട് ജാനകി ശര്‍മ്മിള ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. രണ്ട് ലോറികളിലും ഒരു എസ് യുവിയും അടങ്ങുന്ന വാഹന വ്യൂഹത്തിലായിരുന്നു മൃഗങ്ങളെ കര്‍ണാടകയിലേക്ക് കൊണ്ടുവന്നിരുന്നത്. ഏറെ ദൂരം സഹായി പോലുമില്ലാതെ ഓടിക്കേണ്ടി വന്നതാല്‍ ഏറെ ക്ഷീണിതനായിരുന്നുവെന്നും അതാണ് അപകടമുണ്ടായതിന് കാരണമെന്നുമാണ് ഇയാള്‍ വിശദമാക്കുന്നത്.

Related Articles

Back to top button