ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യ ഔദ്യോഗികമായി നിര്‍ണയിക്കാനുള്ള സെന്‍സസ് അടുത്തവര്‍ഷം ആരംഭിച്ചേക്കും. 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസാണ് നാല് വര്‍ഷം വൈകി ആരംഭിക്കുന്നത്. കണക്കെടുപ്പ് 2026-ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.
സെന്‍സസിന് പിന്നാലെ ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയവുമുണ്ടാകും. ഇത് 2028-ഓടെ പൂര്‍ത്തിയാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ സെന്‍സസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുകയോ ചെയ്തിട്ടില്ല.
രജിസ്ട്രാര്‍ ജനറലും ഇന്ത്യന്‍ സെന്‍സസ് കമ്മിഷണറുമായ മൃത്യുഞ്ജയ് കുമാര്‍ നാരായണിന്റെ ഡെപ്യുട്ടേഷന്‍ കാലാവധി അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ നീട്ടിയത്. 2026 ഓഗസ്റ്റ് വരെയാണ് നിലവില്‍ ഇദ്ദേഹത്തിന്റെ കാലാവധി.
സെന്‍സസ് ഉചിതമായ സമയത്ത് തന്നെ നടക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തേ പറഞ്ഞത്. അന്തിമ തീരുമാനമായാല്‍ അക്കാര്യം പ്രഖ്യാപിക്കും. നടക്കാനിരിക്കുന്ന സെന്‍സസ് മൊബൈല്‍ ആപ്പ് വഴി പൂര്‍ണമായും ഡിജിറ്റലായാണ് നടക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ പത്ത് വര്‍ഷത്തിലുമാണ് രാജ്യത്തെ ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പായ സെന്‍സസ് നടത്തുക. ഇന്ത്യയില്‍ 2011-ലാണ് അവസാനമായി സെന്‍സസ് നടന്നത്. 121 കോടിയിലേറെയാണ് അന്ന് രേഖപ്പെടുത്തിയ ജനസംഖ്യ. മുന്‍പത്തേക്കാള്‍ 17.7 ശതമാനത്തിന്റെ വര്‍ധനവായിരുന്നു ഇത്.
69 Less than a minute