BREAKINGINTERNATIONAL

ശസ്ത്രക്രിയാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു; ‘പ്ലീഹ’യ്ക്ക് പകരം നീക്കം ചെയ്തത് ‘കരള്‍’; സംഭവം യുഎസില്‍

യുഎസിലെ ഫ്‌ലോറിഡയിലെ അസെന്‍ഷന്‍ സേക്രഡ് ഹാര്‍ട്ട് എമറാള്‍ഡ് കോസ്റ്റ് ഹോസ്പിറ്റലില്‍ സംഭവിച്ച ഗുരുതരമായ ശസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു. പിന്നാലെ നിയമ നടപടിക്ക് രോഗിയുടെ കുടുംബമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 19 -ാം തിയതിയാണ് ശരീരത്തിന്റെ ഇടതുവശത്ത് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബ്രയാനും ഭാര്യ ബെവര്‍ലിയും ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ബ്രയാനെ പരിശോധിച്ച ഡോക്ടര്‍ തോമസ് ഷാക്‌നോവ്‌സ്‌കി, അദ്ദേഹത്തിന്റെ പ്ലീഹയ്ക്ക് രോഗബാധയുണ്ടെന്നും ഇത് സാധാരണയേക്കാള്‍ നാലിരട്ടി വലുതാണെന്നും അറിയിച്ചു. ശരീരത്തിന്റെ മറുവശത്തേക്ക് വളരുന്ന പ്ലീഹ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമെന്നും ഡോക്ടര്‍ ബ്രയാനെ അറിയിച്ചു.
ഓഗസ്റ്റ് 21 -ാണ് ശസ്ത്രക്രിയയ്ക്ക് തിയതി കുറിച്ചത്. ഡോക്ടര്‍ ലാപ്രോസ്‌കോപ്പിക് പ്ലീനെക്ടമി നടപടിക്രമം നടത്തിയെങ്കിലും ഓപ്പറേഷന്‍ സമയത്ത്, ഡോക്ടര്‍ ഷാക്‌നോവ്‌സ്‌കി, പ്ലീഹയ്ക്ക് പകരം ബ്രയാന്റെ കരളാണ് നീക്കം ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമിതമായ രക്തശ്രാവത്തെ തുടര്‍ന്ന് ബ്രയാന്‍ മരിക്കുകയായിരുന്നു. മരണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്ലീഹയ്ക്ക് പകരം ബ്രയാന്റെ ശരീരത്തില്‍ നിന്നും നീക്കം ചെയ്തത് കരളാണെന്ന് തിരിച്ചറിഞ്ഞത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ചികിത്സാ പിഴവിനെ തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭാര്യ ബെവര്‍ലി, ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തു.

സാധാരണ മനുഷ്യ ശരീരഘടന അനുസരിച്ച് കരള്‍ വയറിന് എതിര്‍വശത്താണ്, അത് പ്ലീഹയേക്കാള്‍ പലമടങ്ങ് വലുതുമാണ്. അതേസമയം ബ്രയാന്റെ പ്ലീഹയില്‍ ചെറിയ മുഴകള്‍ വളരുന്നത് കണ്ടെത്തിയിരുന്നു. ഇത്രയും ഗുരുതരമായ കൃത്യവിലോപമാണ് ആശുപത്രി അധികൃതരുടെയും ഡോക്ടര്‍ തോമസ് ഷാക്‌നോവ്‌സ്‌കിയുടെയും ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ബെവര്‍ലിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഒപ്പം ഡോ. തോമസ് ഷാക്നോവ്സ്‌കി ഇതിന് മുമ്പും സമാനമായ കൃത്യവിലോപം നടത്തിയതായും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. 2023 ല്‍ ഒരു രോഗിയുടെ അഡ്രീനല്‍ ഗ്രന്ഥിക്ക് പകരം പാന്‍ക്രിയാസിന്റെ ഒരു ഭാഗം അദ്ദേഹം തെറ്റായി നീക്കം ചെയ്തിരുന്നു. ആ സംഭവം ഒതുക്കിതീര്‍ക്കുകയായിരുന്നെന്നും അഭിഭാഷകര്‍ ആരോപിച്ചു.

Related Articles

Back to top button