കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തിലേക്കുനയിച്ച സംഭവങ്ങള്‍ പരിശോധിച്ച ജസ്റ്റിസ് എ. ഹരിപ്രസാദ് കമ്മിഷന്‍ 17-ന് ഗവര്‍ണര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറും. സര്‍വകലാശാലയുടെ അവകാശവാദങ്ങള്‍ തള്ളുന്ന നിര്‍ണായകമായ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. സിദ്ധാര്‍ഥന്റെ മരണത്തില്‍ വൈസ് ചാന്‍സലര്‍ അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കാനാണ് ഗവര്‍ണര്‍ കമ്മിഷനെ നിയോഗിച്ചത്.
സിദ്ധാര്‍ഥനെ മര്‍ദിക്കുന്നതിന് സാക്ഷികളായ വിദ്യാര്‍ഥികള്‍ അടക്കം 28 പേരുടെ മൊഴിയാണ് കമ്മിഷനെടുത്തത്. റിപ്പോര്‍ട്ട് നല്‍കാന്‍ ഓഗസ്റ്റ് 29 വരെ സമയമുണ്ടായിരുന്നു. എന്നാല്‍, അതിനുമുന്‍പുതന്നെ അന്വേഷണം പൂര്‍ത്തിയാക്കാനായി.
സിദ്ധാര്‍ഥന്റെ മരണത്തിനിടയാക്കിയ സംഭവങ്ങളില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥ്, ഡീന്‍ എം.കെ. നാരായണന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. ആര്‍. കാന്തനാഥന്‍ എന്നിവര്‍ക്ക് വീഴ്ചയുണ്ടായോ എന്നാണ് കമ്മിഷന്‍ പ്രധാനമായും പരിശോധിച്ചത്.
വി.സി. അടക്കമുള്ളവരെ രണ്ടുതവണ കമ്മിഷന്‍ കേട്ടു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഹോസ്റ്റലിലെ രണ്ട് പാചകക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍, ടെക്‌നീഷ്യന്‍ എന്നിവരുടെ മൊഴികളുമെടുത്തു. സിദ്ധാര്‍ഥന്റെ മാതാപിതാക്കളും മൊഴിനല്‍കി. വിവരങ്ങള്‍ രഹസ്യമായിവെക്കണം എന്നാവശ്യപ്പെട്ട് മൊഴിനല്‍കിയ അധ്യാപകരുമുണ്ട്. ചില വിദ്യാര്‍ഥികളും സ്വമേധയാ മൊഴിനല്‍കാനെത്തി.
കേസില്‍ പ്രതികളായ വിദ്യാര്‍ഥികളും തങ്ങളെ കേള്‍ക്കണം എന്നാവശ്യപ്പെട്ട് കമ്മിഷന്റെ മുന്നിലെത്തി. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഇവരെ കേള്‍ക്കാനാകില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. പ്രതികളായ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് പറയാനുള്ളതും കമ്മിഷന്‍ കേട്ടു.
കഴിഞ്ഞ ഫെബ്രുവരി 18-നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിനോടനുബന്ധിച്ച ഡോര്‍മിറ്ററിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപാഠിയായ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയതിന്റെപേരില്‍ രണ്ടുദിവസം തുടര്‍ച്ചയായി സഹപാഠികളടക്കമുള്ള വിദ്യാര്‍ഥികള്‍ മര്‍ദിച്ചെന്നും ഇതിന്റെ തുടര്‍ച്ചയായി സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയെന്നുമാണ് സി.ബി.ഐ. കണ്ടെത്തിയത്. കേസില്‍ 19 വിദ്യാര്‍ഥികളാണ് പ്രതിസ്ഥാനത്തുള്ളത്.
93 1 minute read