BREAKING NEWSKERALA

പാലക്കാട് സഞ്ജിത്ത് വധക്കേസ്; അധ്യാപകനായ മുഖ്യപ്രതി പിടിയില്‍

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടികൊലപ്പെടുത്തിയ കേസിലെ ആസൂത്രകനായ അധ്യാപകന്‍ പിടിയില്‍. ആലത്തൂര്‍ പള്ളിപ്പറമ്പ് ദാറുസലാം വീട്ടില്‍ ഉമ്മര്‍ മകന്‍ ബാവ എന്ന ബാവ മാസ്റ്ററാണ്(59) അറസ്റ്റിലായത്. ആലത്തൂര്‍ ഗവണ്‍മെന്റ് ജി.എം.എല്‍.പി. സ്‌കൂളിലെ അധ്യാപകനായിരുന്ന ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആലത്തൂര്‍ ഡിവിഷന്‍ പ്രസിഡന്റുമാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ നവംബര്‍ 15നാണ് സഞ്ജിത്ത് കൊല്ലപ്പെട്ടത്. പാലക്കാട് നഗരത്തിനടുത്ത് മമ്പ്രറത്തുവെച്ച് ബൈക്കില്‍ ഭാര്യയുമൊത്ത് സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ കൊലയാളി സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ ബാവ മുഖ്യ ഗൂഢാലോചനകളില്‍ പങ്കെടുത്തയാളും ആസൂത്രകനുമാണെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഇയാള്‍ തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
സഞ്ജിത്ത് കൊലക്കേസില്‍ ഇനിയും എട്ടോളം പ്രതികളെ പിടികൂടാനുണ്ട്. കൃത്യത്തില്‍ ഉള്‍പ്പെട്ട അഞ്ചുപേരെ ഉള്‍പ്പെടെ 11 പേരെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയവരെ പോലും മുഴുവനായി പിടികൂടാനായിട്ടില്ല. സഞ്ജിത്ത് കൊലപാതകത്തിന് തുടര്‍ച്ചയായാണ് ഇക്കഴിഞ്ഞ മാസം 15 ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടികൊലപ്പെടുത്തിയത്. അതിന് തിരിച്ചടിയായി പിറ്റേന്ന് തന്നെ ആര്‍എസ്എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊന്നു.
സുബൈര്‍ വധക്കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേര്‍ ഉള്‍പ്പെടെ ആറുപ്രതികളെ അറസ്റ്റ് ചെയ്തു. മൂന്നുപേരെ കൂടി കസ്റ്റഡിയിലെടുത്തതായാണ് വിവരം. ശ്രീനിവാസന്‍ വധക്കേസില്‍ ഇതുവരെ അറസ്റ്റിലായത് 21 പേരാണ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറുപേരില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. സഞ്ജിത്ത് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. സഞ്ജിത്ത് വധക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.

Related Articles

Back to top button