BREAKING NEWSKERALA

മുല്ലപ്പള്ളിയുടെ പേരില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കി

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്. മുല്ലപ്പള്ളിയുടെ പേരില്‍ വ്യാജ ഇമെയില്‍ ഐ.ഡി. നിര്‍മിച്ച് പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ഇതിനെതിരേ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കിയതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
വ്യാജ ഇമെയില്‍ ഐഡി ഉപയോഗിച്ച് തന്റെ പേരില്‍ വ്യാപകമായി ധനസഹായഭ്യര്‍ഥന നടത്തി പണം പിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. കഴിഞ്ഞദിവസം ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. തട്ടിപ്പുകാരെ എത്രയുംവേഗം പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കേരളത്തിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിലും ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ പേരിലും നേരത്തെയും സമാനമായ തട്ടിപ്പുകള്‍ നടന്നിരുന്നു. ഉദ്യോഗസ്ഥരുടെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിര്‍മിച്ചായിരുന്നു ഇത്തരം സംഘങ്ങള്‍ സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞദിവസം എ.ഡി.ജി.പി. വിജയ് സാഖറെയുടെ പേരിലും വ്യാജ ഫെയ്‌സ്ബുക്ക് ഐ.ഡി. നിര്‍മിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഭവമുണ്ടായി.

Related Articles

Back to top button