BREAKING NEWSKERALA

എംഎല്‍എമാര്‍ എല്ലാം പങ്കെടുക്കണോ? സാഹചര്യം മറക്കരുത്, പരമാവധി ആളെ കുറയ്ക്കണം: ഹൈക്കോടതി

കൊച്ചി: പരമാവധി ആളെണ്ണം കുറയ്ക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. കേരളത്തിലേതിനേക്കാള്‍ നിയമസഭാംഗങ്ങള്‍ ഉള്ള തമിഴ്‌നാടും ബംഗാളും വളരെ കുറച്ചു പേരെ മാത്രം പങ്കെടുപ്പിച്ചാണ് സത്യപ്രതിജ്ഞ നടത്തിയതെന്നു ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഇടപെടല്‍. ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. പ്രത്യേക ക്ഷണിതാക്കളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ വിവരം നല്‍കിയില്ലെന്നും വിമര്‍ശനം ഉയര്‍ത്തി.
ചടങ്ങുമായി ബന്ധപ്പെട്ട് അഞ്ച് നിര്‍ദേശങ്ങളാണ് ഹര്‍ജി തീര്‍പ്പാക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് മുന്നോട്ടു വച്ചത്. മേയ് ആറിനും 14നും പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു മാത്രം സത്യപ്രതിജ്ഞ ചടങ്ങു നടത്തണം എന്നതാണ് ഒന്നാമത്തെ നിര്‍ദേശം. എല്ലാ എംഎല്‍എമാരും മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കണോ എന്ന് അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കണം, നിയുക്ത മന്ത്രിമാരുടെ ഭാര്യമാരും കുടുംബാംഗങ്ങളും അല്ലാതെ മറ്റ് എംഎല്‍എമാരുടെ കുടുംബാംഗങ്ങള്‍ ചടങ്ങിനെത്തുന്നത് ഒഴിവാക്കണം, ചടങ്ങിന്റെ ഔദ്യോഗിക ചുമതലയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമേ എത്താവൂ, പ്രത്യേക ക്ഷണിതാക്കളായ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയും ദുരിതാശ്വാസ നിധിയിലേയ്ക്കും മറ്റും സംഭാവന നല്‍കിയവരെയും പങ്കെടുപ്പിക്കണോ, ഒഴിവാക്കണോ എന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറി പരിശോധിച്ച് തീരുമാനം എടുക്കണം എന്നുമാണ് കോടതി നിര്‍ദേശം.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 350നും 400നും ഇടയില്‍ ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക എന്നായിരുന്നു ഹര്‍ജിയിലുള്ള സര്‍ക്കാര്‍ വിശദീകരണം. ചടങ്ങിലേയ്ക്ക് 500 പേരെ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും പ്രതിപക്ഷവും ന്യായാധിപന്‍മാരും ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്. ഒഴിവാക്കാനാകാത്ത ആളുകളെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. ചടങ്ങിന് എത്തുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവായ സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം.
അതേസമയം സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭവാന ചെയ്തിട്ടുള്ളവരെ ഉള്‍പ്പടെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചിട്ടുള്ള വിവരം ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഒഴിവാക്കാമായിരുന്ന പലര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ടെന്നും വാദിച്ചു. സത്യപ്രതിജ്ഞ ചടങ്ങിന് ആളെണ്ണം കുറയ്ക്കുന്നതാകും ഉചിതമെന്ന അഭിപ്രായമായിരുന്നു രാവിലെ കേസ് പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റിസും ഉയര്‍ത്തിയത്.
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി ഡോ. കെ.ജെ. പ്രിന്‍സാണ് സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള സത്യപ്രതിജ്ഞ ചടങ്ങിനെതിരെ കോടതി സ്വമേധയാ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് അഭിഭാഷകന്‍ അനില്‍ തോമസ്, ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യന്‍, ബിജെപി എറണാകുളം ജില്ലാ പ്രസി!ഡന്റ് എസ്. ജയകൃഷ്ണന്‍ തുടങ്ങിയവര്‍ കത്തു നല്‍കിയിരുന്നു.
കേസ് പരിഗണിക്കുമ്പോള്‍ ഓണ്‍ലൈന്‍ സിറ്റിങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നു മാധ്യമങ്ങളെ കോടതി ഒഴിവാക്കിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരമാണ് കേസ് വിചാരണയിലും വിധി പ്രസ്താവിക്കുമ്പോഴും മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

Related Articles

Back to top button