BREAKING NEWSLATESTNATIONAL

പിഎം കെയേഴ്‌സ് ഫണ്ട്: വിവരം ചോദിച്ചാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു മിണ്ടാട്ടമില്ല

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്‌സ് ഫണ്ട് സംബന്ധിച്ച വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. നല്‍കുന്ന വിവരങ്ങളുടെ രൂപത്തില്‍ മാറ്റം വരുത്താമെങ്കിലും അപേക്ഷ മൊത്തത്തില്‍ തള്ളരുത് എന്ന് ഹൈക്കോടതി വിധിയും കേന്ദ്ര വിവര കമ്മീഷന്‍ ഉത്തരവും നിലനില്‍ക്കേയാണ് ഓഫീസില്‍ സമയം പാഴാക്കുമെന്ന കാരണം നിരത്തി പ്രധാനമന്ത്രിയുടെ ഓഫീസ് അപേക്ഷകള്‍ കൂട്ടത്തോടെ നിരസിച്ചത്. 2020 ഏപ്രില്‍ മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച മൊത്തം വിവരാവകാശ അപേക്ഷകളുടെയും നിരസിച്ച അപേക്ഷകളുടെയും എണ്ണം സംബന്ധിച്ച് ആര്‍ടിഐ ആക്ടിവിസ്റ്റായ റിട്ട. കമ്മോഡോര്‍ ലോകേഷ് ബത്രയാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. പിഎം കെയേഴസ് ഫണ്ടും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിയും സംബന്ധിച്ച് ലഭിച്ച അപേക്ഷകളുടെ എണ്ണവും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓഗസ്റ്റ് 14ന് പിഎം കെയേഴ്‌സ് ഫണ്ട്, പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഒഴിവാക്കി മൊത്തത്തിലുള്ള വിവരങ്ങളുമായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടി ലഭിക്കുകയായിരുന്നുവെന്ന് ദ ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു.
‘നിങ്ങള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ക്രോഡീകരിച്ച രൂപത്തില്‍ ഈ ഓഫീസില്‍ സക്ഷിച്ചിട്ടില്ല. ഇതിന്റെ ശേഖരിക്കുന്നതും കരോഡീകരിക്കുന്നതും ഓഫീസിലെ വിഭവശേഷിയുടെ തെറ്റായ വിതരണത്തിന് ഇടയാക്കുകയും ഓഫീസിന്റെപ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും. ഇത് നിയമത്തിലെ സെക്ഷന്‍ 7(9)ന് ഇടയാക്കും’ എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപേക്ഷയ്ക്ക് നല്‍കിയ മറുപടി. എന്നാല്‍ ഇത് നിയമത്തിന്റെ ദുരുപയോഗമാണെന്നും വിവരാവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും ആദ്യ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറായ വജാഹത് ഹബീബുള്ള പ്രതികരിച്ചു. അപേക്ഷയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സെക്ഷന്‍ 8(1)ല്‍ നിരവധി കാരണങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും സെക്ഷന്‍ 7(9)ല്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് – ‘സര്‍ക്കാരിന്റെ വിഭവശേഷിയുടെ വിതരണത്തെ ബാധിക്കുകയോ രേഖകളുടെ സുരക്ഷയെ ബാധിക്കില്ലെങ്കിലോ അപേക്ഷകന്‍ ആവശ്യപ്പെട്ട രൂപത്തില്‍ തന്നെ വിവരങ്ങള്‍ കൈമാറണം.’ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടി 2010ലെ കേരള ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിയമത്തിലെ ഈ സെക്ഷന്‍ വിവരങ്ങള്‍ കൈമാറുന്നതിനുള്ള ഒരു ഒഴികഴിവല്ല എന്നായിരുന്നു കേരള ഹൈക്കോടതി ഉത്തരവിട്ടത്. അപേക്ഷകന്‍ ആവശ്യപ്പെട്ട രൂപത്തിലല്ലാതെ മറ്റൊരു രൂപത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ മാത്രമേ നിയമത്തിലെ ഈ വകുപ്പ് അനുവദിക്കുന്നുള്ളൂ എന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിഷയത്തില്‍ കേന്ദ്ര വിവര കമ്മീഷന്‍ പലവട്ടം സമാനമായ ഉത്തരവുകള്‍ പുറത്തിറക്കിയിട്ടും ഈ വകുപ്പ് മറയാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Related Articles

Back to top button