BREAKING NEWSKERALALATEST

വിവാഹമോചനത്തിന് ശേഷം പുനര്‍വിവാഹത്തിന് പോലും സമ്മതിക്കില്ല എന്ന നിലപാടാണ് യുഡിഎഫിന്: എന്‍ ജയരാജ്

തിരുവനന്തപുരം: മുന്നണിയില്‍ നിന്ന് ഒരിക്കല്‍ പുറത്താക്കിയവരെ വീണ്ടും പുറത്താക്കുകയെന്ന നടപടി ലോക ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവും എംഎല്‍എയുമായ റോഷി അഗസ്റ്റിന്‍ പറഞ്ഞു. അവിശ്വാസ പ്രമേയ ചര്‍ച്ച മുതല്‍ വോട്ടെടുപ്പ് വരെ വിട്ടുനില്‍ക്കാനുള്ള വിപ്പ് പാര്‍ട്ടി നല്കിയിട്ടുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിട്ടു നില്‍ക്കാനുള്ള വിപ്പും നല്‍കിയിട്ടുണ്ട്. ആ വിപ്പ് പാലിക്കപ്പെടാതിരുന്നാല്‍ അംഗങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്നും റോഷി പറഞ്ഞു. വിവാഹമോചനത്തിന് ശേഷം പുനര്‍വിവാഹത്തിന് പോലും സമ്മതിക്കുന്നില്ല എന്ന തരത്തിലുള്ള അവസ്ഥയാണ് ഇപ്പോഴത്തേത് എന്ന് യുഡിഎഫ് നിലപാടിനെ പരിഹസിച്ച് എന്‍ ജയരാജ് എംഎല്‍എ അഭിപ്രായപ്പെട്ടു.
വിപ്പ് ലംഘിച്ചാല്‍ നടപടി എന്നത് നടപടിക്രമത്തിന്റെ ഭാഗമാണ്. അതുകൊണ്ട് നടപടി ഉണ്ടാകും നടപടി ഉണ്ടാകും എന്ന് പി ജെ ജോസഫ് ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കേണ്ടതില്ല. ആ നടപടി ആര്‍ക്കെതിരെ എന്നതില്‍ തര്‍ക്കമില്ല. തങ്ങളുടെ കയ്യില്‍ രേഖയുണ്ട്. 2016ല്‍ കെ എം മാണി ലീഡറായും പി ജെ ജോസഫ് ഡെപ്യൂട്ടി ലീഡറായും മോന്‍സ് ജോസഫ് സെക്രട്ടറിയും റോഷി അഗസ്റ്റിന്‍ വിപ്പും ആയി തെരഞ്ഞെടുക്കപ്പെട്ട് നിയമസഭാ സ്പീക്കര്‍ക്ക് നല്‍കിയതിനപ്പുറത്തേക്ക് ഒരു രേഖയും നിലവില്‍ നിലനില്‍ക്കുന്നില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടി തീരുമാനമെന്ന നിലയില്‍ എന്റെ വിപ്പ് അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ നടപടികളിലേക്ക് പോകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇപ്പോഴെന്തിനാണ് നീതിയുടെയും ധാര്‍മ്മികതയുടെയും പ്രശ്‌നം ഉയര്‍ത്തുന്നത്. ഞങ്ങളൊരു തെറ്റും ചെയ്യാതെ ഇരുന്നതല്ലേ. മുന്നണി കീഴ്വഴക്കം പാലിക്കാത്ത സാഹചര്യം ഉണ്ടായിട്ടില്ല. ഞങ്ങളെ മുന്നണിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഈ നീതിയും ധാര്‍മ്മികതയും കണ്ടില്ലല്ലോ. റോഷി അഗസ്റ്റിന്‍ പറഞ്ഞു.
വിപ്പ് സംബന്ധിച്ച് സംശയിക്കേണ്ട കാര്യമൊന്നുമില്ലെന്ന് എന്‍ ജയരാജ് പറഞ്ഞു. നിയമസഭയുടെ വൈബ്‌സൈറ്റില്‍ കേരളാ കോണ്‍ഗ്രസിന്റെ വിപ്പ് റോഷി അഗസ്റ്റിന്‍ ആണ്. യുഡിഎഫ് നല്‍കിയ വിപ്പ് സംബന്ധിച്ചാണെങ്കില്‍ തങ്ങള്‍ യുഡിഎഫിന്റെ എംഎല്‍എമാര്‍ അല്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലല്ലോ എന്നും ജയരാജ് പ്രതികരിച്ചു.

Related Articles

Back to top button