KERALALATEST

രണ്ടില ആര്‍ക്ക്… ജോസും ജോസഫും പോരാട്ടത്തില്‍, ആര്‍ക്കെന്ന് വൈകാതെ അറിയാം

തിരുവനന്തപുരം: ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയതും കൗതുകകരവുമായ പോരാട്ടം ജോസ് കെ മാണിജോസഫ് വിഭാഗങ്ങള്‍ തമ്മിലാകും. എന്നാല്‍ ഈ പോരാട്ടം വോട്ടെടുപ്പിനു മുമ്പേ തുടങ്ങിക്കഴിഞ്ഞു. ‘രണ്ടില’ ചിഹ്നത്തിന് വേണ്ടിയാണ് തെരഞ്ഞെടുപ്പിന് മുമ്പത്തെ പോരാട്ടം. തദ്ദേശതെരഞ്ഞെടുപ്പില്‍ ‘രണ്ടില’ ചിഹ്നത്തിന് അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് ജോസ് ജോസഫ് വിഭാഗങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനു അപേക്ഷ നല്‍കി.
തര്‍ക്കത്തില്‍ ഈ ആഴ്ച കമ്മിഷന്‍ തീരുമാനമെടുത്തേക്കും.രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിനു നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ജോസഫ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതിയില്‍ നിന്ന് ഈയാഴ്ച തീരുമാനമുണ്ടാകുമെന്നാണു ഇരുവിഭാഗങ്ങളും പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചത് താന്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിന് ആണെന്ന് ജോസഫ് അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ രണ്ടില ചിഹ്നത്തില്‍ മത്സരിക്കാം എന്നാണ് ജോസഫ് വിഭാഗത്തിന്റെ പ്രതീക്ഷ. ജോസ് വിഭാഗം ആകട്ടെ കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും ഒരുപോലെ പ്രതീക്ഷയര്‍പ്പിക്കുന്നു. കോടതി നടപടി നീണ്ടാല്‍ ചിഹ്നം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ എങ്കില്‍ ഇരുവിഭാഗത്തിനും പുതിയ ചിഹ്നം നല്‍കും.
പാലാ ഉപതെരഞ്ഞെടുപ്പില്‍ കൈതച്ചക്ക ആയിരുന്നു ജോസ് പക്ഷത്തിന് ചിഹ്നം. മാണിയുടെ തട്ടകത്തില്‍ രണ്ടില നഷ്ടപ്പെട്ട് മത്സരിച്ച പാര്‍ട്ടിയെ പാലായും കൈവിട്ടിരുന്നു അതിനാല്‍ എങ്ങനെയും ചിഹ്നം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ജോസ് പക്ഷവും.

Related Articles

Back to top button