ENTERTAINMENTMALAYALAM

സയനൈഡ് മോഹന്റെ കഥയുമായി രാജേഷ് ടച്ച്‌റിവര്‍

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ രാജേഷ് ടച്ച്‌റിവര്‍ കുപ്രസിദ്ധ ക്രിമിനലായ സയനൈഡ് മോഹന്റെ ജീവിതകഥ പ്രമേയമാക്കി ഒരുക്കുന്ന സിനിമയ്ക്ക് ‘സയനൈഡ്’ എന്നു പേരിട്ടു. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രിയാമണിയും യശ്പാല്‍ ശര്‍മ്മയുമാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. 5 ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
കര്‍ണാടകയില്‍ കോളിളക്കം സൃഷ്ടിച്ച കൊലപാതക പരമ്പരയില്‍ കുപ്രസിദ്ധനായ കുറ്റവാളിയാണ് സയനൈഡ് മോഹന്‍ എന്നറിയപ്പെടുന്ന പ്രൊഫസര്‍ മോഹന്‍. സയനൈഡ് ഉപയോഗിച്ച് സ്ത്രീകളെ കൊലപ്പെടുത്തിയ മോഹന്‍ ഇന്ത്യയുടെ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ വ്യത്യസ്തനായ കൊലയാളിയായാണ് അറിയപ്പെടുന്നത്.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ പതിപ്പുകളില്‍ പ്രിയാമണി അന്വേഷണ ഉദ്യോഗസ്ഥയാകുമ്പോള്‍ ബോളിവുഡ് നടന്‍ യശ്പാല്‍ ശര്‍മയാണ് ഹിന്ദി പതിപ്പില്‍ ഇതേ വേഷത്തിലെത്തുന്നത്.
രോഹിണി, ചിത്തരഞ്ജന്‍ ഗിരി, തനികെല്ല ഭരണി, രാം ഗോപാല്‍ ബജാജ്, ഷിജു, ഷാജു, ശ്രീമന്‍, മുകുന്ദന്‍, സമീര്‍, സഞ്ജു ശിവറാം, റിജു ബജാജ്, റിംജു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇന്‍ ദ നെയിം ഓഫ് ബുദ്ധ, ദി സ്‌ട്രെയിഞ്ചേഴ്‌സ്, അലക്‌സ് ദി ബ്ലൂ ഫോക്‌സ്, നാ ബംഗാരു തല്ലി, എന്റെ, രക്തം, പട്‌നാഗര്‍ തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളൊരുക്കിയിട്ടുള്ളയാളാണ് രാജേഷ് ടച്ച്‌റിവര്‍. കൂടാതെ നിരവധി ഡോക്യുമെന്ററികളും ഒരുക്കിയിട്ടുണ്ട്. നാ ബംഗാരു തല്ലിക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുമുണ്ട്.

Related Articles

Back to top button