KERALALATEST

സ്വപ്‌നയുടെ ഐഫോണില്‍ നിന്ന് വീണ്ടെടുത്തത് 18,000 പേജ് വിവരങ്ങള്‍; ശിവശങ്കറിനെ കുടുക്കിയത് രണ്ടു ചാറ്റുകള്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഫോണില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ വീണ്ടെടുത്തത് പതിനെണ്ണായിരം പേജ് വരുന്ന വിവരങ്ങള്‍. ഇത് വിശകലനം ചെയ്താണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ തെളിവുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെടുത്തത്.

ബംഗളൂരുവില്‍ നിന്ന് സ്വപ്നയെ അറസ്റ്റ് ചെയ്ത സമയത്താണ് ദേശീയ അന്വേഷണ ഏജന്‍സി ഐ ഫോണുകള്‍ പിടിച്ചെടുത്തത്. തിരുവനന്തപുരത്തെ സിഡാക് ആണ് ഇതില്‍നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുത്തത്. ഇത് പതിനെണ്ണായിരം പേജ് വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ മാസമാണ് ഇവ പിഡിഎഫ് രൂപത്തില്‍ എന്‍ഐഎ ഇഡിക്കു കൈമാറിയത്.

”വന്‍ തോതിലുള്ള വിവരങ്ങളാണ് ഫോണില്‍നിന്നു ലഭിച്ചത്. വലിയ ഫയല്‍ ആയതിനാല്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ ശ്രമിച്ചാലും വിശകലനത്തിന് സമയമെടുക്കും. ഇവയുടെ പരിശോധന തുടരുന്നതേയുള്ളൂ”- ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2018ലും 2019ലും നടത്തിയ രണ്ടു ചാറ്റുകളാണ് ശിവശങ്കറിനെതിരെ നിര്‍ണായകമായ കണ്ടെത്തലായത്. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടിട്ടുണ്ടെന്ന വ്യക്തമായത് ഇതിലൂടെയാണ്. 2019ലെ ചാറ്റ് ആണ് കൂടുതല്‍ സംശയകരം- ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

ചാറ്റുകളെക്കുറിച്ച് ശിവശങ്കര്‍ വ്യക്തമായി പ്രതികരിച്ചിട്ടില്ല. ഒരു വര്‍ഷം മുമ്പത്തെ ചാറ്റ് ആയതിനാല്‍ കാണാതെ പറയാനാവില്ലെന്നാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ പ്രതികരിച്ചത്. ശിവശങ്കറിന്റെ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്വപ്നയുടെയും സരിത്തിന്റെയും ഫോണില്‍നിന്ന് രണ്ടായിരം ജിബി ഡേറ്റ വീണ്ടെടുത്തെന്നാണ് എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അറിയിച്ചത്.

Related Articles

Back to top button