BREAKING NEWSKERALA

മനസ്സു തുറക്കാതെ ശിവശങ്കര്‍, സ്വപ്‌നയ്‌ക്കൊപ്പം ചോദ്യം ചെയ്യാന്‍ ഇഡി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും എം ശിവശങ്കറിനെയും ഒരുമിച്ച് ചോദ്യം ചെയ്യാന്‍ ഇഡി. സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചു.
സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് ചോദ്യം ചെയ്യാനാണ് സ്വപ്നയെയും കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് ദിവസം സ്വപ്നയെ കസ്റ്റഡിയിലാവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചിരിക്കുന്നത്. സരിതിനെയും സന്ദീപിനെയും കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
ഇതിനിടെ, സ്വര്‍ണക്കടത്തു കേസിലെ കള്ളപ്പണ ഇടപാടുകളില്‍ ഇഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളോടു മനസ്സു തുറക്കാതെ എം. ശിവശങ്കറിന്റെ കസ്റ്റഡി 2 ദിവസം പിന്നിട്ടു. നവംബര്‍ 5 വരെ കസ്റ്റഡി അനുവദിച്ചിട്ടുണ്ടെങ്കിലും രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയുള്ള സമയത്തേ ചോദ്യം ചെയ്യാവൂ എന്നു കോടതിയുടെ നിര്‍ദേശമുണ്ട്.
ചോദ്യംചെയ്യലില്‍ വിദഗ്ധരായ കൂടുതല്‍ ഉദ്യോഗസ്ഥരുടെ സേവനം തേടാനൊരുങ്ങുകയാണ് ഇഡി കൊച്ചി യൂണിറ്റ്. കസ്റ്റഡിയിലായ ആദ്യ ദിവസം തന്നെ ഭക്ഷണം ഉപേക്ഷിച്ചാണു ശിവശങ്കര്‍ അന്വേഷണ സംഘത്തെ സമ്മര്‍ദത്തിലാക്കിയത്. ഇന്നലെ ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതോടെ ഡോക്ടറെ വരുത്തി ആരോഗ്യനില പരിശോധിപ്പിച്ചു.
തുടര്‍ന്നും നിസ്സഹകരിച്ചാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) അഞ്ചാം വകുപ്പു പ്രകാരം സ്വത്തു മരവിപ്പിക്കല്‍ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങാം. ശിവശങ്കറിന്റെ ബിനാമി നിക്ഷേപമെന്നു സംശയിക്കുന്ന ഏതു സ്വത്തും അന്വേഷണം തീരുംവരെ മരവിപ്പിക്കാം.

Related Articles

Back to top button