CRICKETLATESTSPORTS

ഇംഗ്ലണ്ടിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 73 റണ്‍സെടുത്ത് പുറത്താവാതെ നിന്ന നായകന്‍ വിരാട് കോലിയുടെയും 56 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ മികവില്‍ 17.5 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിനൊപ്പമെത്തി (11). ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.
കോലി 49 പന്തുകളില്‍ നിന്നും 79 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ ഇഷാന്‍ കിഷന്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ 32 പന്തുകളില്‍ നിന്നും 56 റണ്‍സെടുത്തു. സ്‌കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ ആറിന് 164. ഇന്ത്യ 17.5 ഓവറില്‍ മൂന്നിന് 166.
165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ കെ.എല്‍.രാഹുലിനെ (0) പുറത്താക്കി സാം കറന്‍ ഇംഗ്ലണ്ടിന് സ്വപ്നത്തുടക്കം സമ്മാനിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രാഹുല്‍ പരാജയമായി. ആദ്യ ഓവര്‍ തന്നെ മെയ്ഡനാകുകയും ചെയ്തു.
എന്നാല്‍ പിന്നീട് ക്രീസിലൊന്നിച്ച അരങ്ങേറ്റ താരം ഇഷാന്‍ കിഷനും നായകന്‍ കോലിയും ചേര്‍ന്ന് ഇംഗ്ലണ്ട് ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. ഇരുവരും ചേര്‍ന്ന് തകര്‍പ്പന്‍ ഷോട്ടുകള്‍ കളിച്ചുതുടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. വെറും ആറോവറില്‍ ഇഷാനും കോലിയും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 50 കടത്തി.
ഇഷാനായിരുന്നു കൂടുതല്‍ അപകടകാരി. ഏഴാം ഓവറിലെ നാലാം പന്തില്‍ ആദില്‍ റഷീദിനെ പ്രഹരിക്കാനുള്ള താരത്തിന്റെ ശ്രമം പാളി. പന്ത് ഉയര്‍ന്നുപൊന്തിയത് നേരെ ബെന്‍ സ്റ്റോക്‌സിന്റെ കൈകളിലേക്ക്. അനായാസമായി എടുക്കാമായിരുന്ന ഈ ക്യാച്ച് എന്നാല്‍ സ്‌റ്റോക്‌സ് കൈവിട്ടുകളഞ്ഞു. പിന്നാലെ കിഷാന്‍ അര്‍ധസെഞ്ചുറി കുറിച്ചു.
വെറും 28 പന്തുകളില്‍ നിന്നുമാണ് താരം അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി നേടി ശ്രദ്ധേയനായത്. എന്നാല്‍ പത്താം ഓവറിലെ അവസാന പന്തില്‍ ആദില്‍ റഷീദ് ഇഷാന്‍ കിഷനെ വിക്കറ്റിന് മുന്നില്‍ കുടുക്കി പുറത്താക്കി. 32 പന്തുകളില്‍ നിന്നും അഞ്ച് ഫോറുകളുടെയും നാല് സിക്‌സുകളുടെയും അകമ്പടിയോടെ ഇഷാന്‍ 56 റണ്‍സെടുത്തു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി നേടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇഷാന്‍ കിഷന്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. കോലിയ്‌ക്കൊപ്പം രണ്ടാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് താരം ക്രീസ് വിട്ടത്.
ഇഷാന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ക്രീസിലെത്തി. ഇഷാന്‍ നിര്‍ത്തിയടത്തുനിന്നും പന്ത് കളി തുടങ്ങി. 13 പന്തുകളില്‍ നിന്നും രണ്ട് ബൗണ്ടറികലും രണ്ട് സിക്‌സുകളും പറത്തി 26 റണ്‍സെടുത്ത പന്ത് ഒടുവില്‍ ക്രിസ് ജോര്‍ഡന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. താരം ക്രീസ് വിടുമ്പോള്‍ ഇന്ത്യ 13.4 ഓവറില്‍ 130 ന് മൂന്ന് എന്ന നിലയിലായിരുന്നു.
പന്ത് പുറത്തായതിനുപിന്നാലെ നായകന്‍ വിരാട് കോലി കരിയറിലെ 26ാം അര്‍ധസെഞ്ചുറി നേടി. 35 പന്തുകളില്‍ നിന്നും 3 ബൗണ്ടറികളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെയാണ് താരം അര്‍ധസെഞ്ചുറിയിലേക്ക് കുതിച്ചത്. വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് ക്യാപ്റ്റന്‍ കോലി ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യന്‍ ക്യാമ്പിന് പ്രതീക്ഷ പകര്‍ന്നു. പന്തിന് പകരം ക്രീസിലെത്തിയ ശ്രേയസ് അയ്യരെ (8) കൂട്ടുപിടിച്ച് കോലി 17.5 ഓവറില്‍ അനായാസം ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ഇംഗ്ലണ്ടിനായി സാം കറന്‍, ക്രിസ് ജോര്‍ഡന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 45 റണ്‍സെടുത്ത ജേസണ്‍ റോയിയുടെ പ്രകടന മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ടോസ് നേടി ബൗളിങ് തെരെഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ഭുവനേശ്വര്‍ കുമാര്‍ മികച്ച തുടക്കം സമ്മാനിച്ചു. മൂന്നാം പന്തില്‍ ജോസ് ബട്‌ലറെ താരം വിക്കറ്റിന് മുന്നില്‍ കുടുക്കി പുറത്താക്കി. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന ജേസണ്‍ റോയിയും ഡേവിഡ് മലാനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
എന്നാല്‍ 23 പന്തുകളില്‍ നിന്നും നാലുബൗണ്ടറികളുടെ സഹായത്തോടെ 24 റണ്‍സെടുത്ത ഡേവിഡ് മലാനെ വിക്കറ്റിന് മുന്നില്‍ കുടുക്കി യൂസ്വേന്ദ്ര ചാഹല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. അധികം വൈകാതെ ജേസണ്‍ റോയിയുടെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. 35 പന്തുകളില്‍ നിന്നും നാലുബൗണ്ടറികളുടെയും രണ്ട് സിക്‌സറുകളുടെയും സഹായത്തോടെ 46 റണ്‍സെടുത്ത റോയിയെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കി. ഇതോടെ ഇംഗ്ലണ്ട് 91 ന് മൂന്ന് എന്ന നിലയിലായി.
തൊട്ടുപിന്നാലെ 15 പന്തുകളില്‍ നിന്നും ഒരു ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 20 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയെയും പുറത്താക്കി വാഷിങ്ടണ്‍ സുന്ദര്‍ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരമേകി.
എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന നായകന്‍ ഒയിന്‍ മോര്‍ഗനും ബെന്‍ സ്‌റ്റോക്‌സും ചേര്‍ന്ന് സ്‌കോര്‍ 142ല്‍ എത്തിച്ചു. 17ാം ഓവറിലെ ആദ്യ പന്തില്‍ മോര്‍ഗനെ ശാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കി. 20 പന്തുകളില്‍ നിന്നും നാല് ബൗണ്ടറികളുടെ അകമ്പടിയോടെ 28 റണ്‍സെടുത്താണ് നായകന്‍ മടങ്ങിയത്. അവസാന ഓവറിലെ നാലാം പന്തില്‍ സ്റ്റോക്‌സിനെയും ശാര്‍ദുല്‍ മടക്കി. 21 പന്തുകളില്‍ നിന്നും 24 റണ്‍സാണ് താരം നേടിയത്. ആറുറണ്‍സെടുത്ത സാം കറനും റണ്‍സെടുക്കാതെ ക്രിസ് ജോര്‍ദാനും പുറത്താവാതെ നിന്നു.
ഇന്ത്യയ്ക്ക് വേണ്ടി വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ അരങ്ങേറ്റം കുറിച്ചു.

Related Articles

Back to top button