CRICKETLATESTSPORTS

പഞ്ചാബ് കിങ്‌സിനെ ആറുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആറുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ 15.4 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി.
തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ച ദീപക് ചാഹറും പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ മോയിന്‍ അലിയുമാണ് ചെന്നൈയ്ക്ക് ഈ അനായാസ വിജയം സമ്മാനിച്ചത്. ചെന്നൈ ഈ സീസണില്‍ നേടുന്ന ആദ്യ വിജയമാണിത്. ദീപക് ചാഹര്‍ മത്സരത്തിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടു
107 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസിയും ഋതുരാജ് ഗെയ്ക്വാദും കരുതലോടെയാണ് തുടങ്ങിയത്. എന്നാല്‍ റണ്‍സ് കണ്ടെത്താന്‍ നന്നെ ബുദ്ധിമുട്ടിയ ഋതുരാജിനെ പുറത്താക്കി അര്‍ഷ്ദീപ് ചെന്നൈയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി. അഞ്ചാം ഓവറിലെ അവസാന പന്തില്‍ 16 പന്തുകളില്‍ നിന്നും വെറും അഞ്ച് റണ്‍സ് മാത്രമെടുത്ത ഋതുരാജിനെ അര്‍ഷ്ദീപ് ദീപക് ഹൂഡയുടെ കൈയ്യിലെത്തിച്ചു.
ഋതുരാജിന് പകരം ഓള്‍റൗണ്ടര്‍ മോയിന്‍ അലി ക്രീസിലെത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 32 റണ്‍സാണ് നേടിയത്. പിന്നാലെ മോയിന്‍ അലി ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ സ്‌കോര്‍ കുതിച്ചു. 8.1 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. മോയിന്‍ അലി ആക്രമിച്ച് കളിച്ചപ്പോള്‍ ഡുപ്ലെസി അതിനുള്ള അവസരമൊരുക്കി.
ഒടുവില്‍ സ്‌കോര്‍ 90ല്‍ നില്‍ക്കെ മോയിന്‍ അലിയെ പുറത്താക്കി അശ്വിന്‍ ചെന്നൈയുടെ രണ്ടാം വിക്കറ്റെടുത്തു. 31 പന്തുകളില്‍ നിന്നും ഏഴ് ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 46 റണ്‍സെടുത്ത മോയിന്‍ അലി ടീമിന് വിജയമുറപ്പിച്ച ശേഷമാണ് ക്രീസ് വിട്ടത്.
പിന്നാലെ വന്ന സുരേഷ് റെയ്‌നയ്ക്കും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. എട്ടുറണ്‍സെടുത്ത താരത്തെ മുഹമ്മദ് ഷമി പുറത്താക്കി. റെയ്‌നയ്ക്ക് ശേഷം ക്രീസിലെത്തിയ അമ്പാട്ടി റായുഡുവിനെ തൊട്ടടുത്ത പന്തില്‍ പുറത്താക്കി ഷമി ചെന്നൈയിനെ വിറപ്പിച്ചു.
എന്നാല്‍ റായുഡുവിന് ശേഷം ക്രീസിലെത്തിയ സാം കറനെ കൂട്ടുപിടിച്ച് ഫാഫ് ഡുപ്ലെസി ടീമിനെ 15.4 ഓവറില്‍ വിജയത്തിലെത്തിച്ചു. ഡുപ്ലെസി 33 പന്തുകളില്‍ നിന്നും 36 റണ്‍സെടുത്തും സാം കറന്‍ നാലുപന്തുകളില്‍ നിന്നും അഞ്ച് റണ്‍സെടുത്തും പുറത്താവാതെ നിന്നു
പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ്, എം.അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് മാത്രമാണെടുത്തത്. ലോകോത്തര നിലവാരമുള്ള ബൗളിങ് പ്രകടനം കാഴ്ചവെച്ച ചെന്നൈ ബൗളര്‍മാരാണ് പഞ്ചാബിനെ തകര്‍ത്തത്. നാലുവിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ചാഹര്‍ പഞ്ചാബിന്റെ നടുവൊടിച്ചു. 47 റണ്‍സെടുത്ത ഷാരൂഖ് ഖാന്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ടീമിന് നഷ്ടമായി. ഒരു മികച്ച പന്തിലൂടെ ദീപക് ചാഹര്‍ അക്കൗണ്ട് തുറക്കും മുന്‍പ് മായങ്കിന്റെ വിക്കറ്റ് തെറിപ്പിച്ചു. ഇതോടെ ഒരു റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലായി പഞ്ചാബ്.
മായങ്കിന് പകരം ക്രിസ് ഗെയ്ല്‍ ക്രീസിലെത്തി. തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ നേടിക്കൊണ്ട് ഗെയ്ല്‍ വരവറിയിച്ചു. എന്നാല്‍ മൂന്നാം ഓവറില്‍ നായകന്‍ രാഹുല്‍ റണ്‍ ഔട്ടായതോടെ പഞ്ചാബ് പതറി. അനാവശ്യ റണ്ണിന് ശ്രമിച്ച രാഹുലിനെ ജഡേജയാണ് റണ്‍ ഔട്ടാക്കിയത്. അഞ്ച് റണ്‍സ് മാത്രമെടുത്ത് രാഹുല്‍ പുറത്താകുമ്പോള്‍ പഞ്ചാബിന്റെ സ്‌കോര്‍ 15 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു.
തൊട്ടുപിന്നാലെ അപകടകാരിയായ ക്രിസ് ഗെയ്‌ലിനെ പുറത്താക്കി രാഹുല്‍ ചാഹര്‍ പഞ്ചാബിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. 10 റണ്‍സെടുത്ത ഗെയ്‌ലിന്റെ ഷോട്ട് അത്യുഗ്രന്‍ ക്യാച്ചിലൂടെ ജഡേജ സ്വന്തമാക്കി. ഇതോടെ 19 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായി പഞ്ചാബ്. തൊട്ടുപിന്നാലെ വന്ന നിക്കോളാസ് പൂരനെ അതേ ഓവറില്‍ മടക്കി രാഹുല്‍ ചാഹര്‍ കൊടുങ്കാറ്റായി മാറി. അക്കൗണ്ട് തുറക്കും മുന്‍പേ പൂരനെ ചാഹര്‍ ശാര്‍ദുല്‍ ഠാക്കൂറിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ 19 റണ്‍സിന് നാല് എന്ന അതിദാരുണമായ അവസ്ഥയിലേക്ക് പഞ്ചാബ് കൂപ്പുകുത്തി.
ബാറ്റിങ് പവര്‍പ്ലേയില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ വെറും 26 റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാനായത്. എഴാം ഓവറിലെ രണ്ടാം പന്തില്‍ ദീപക് ഹൂഡയെ മടക്കി ദീപക് ചാഹര്‍ പഞ്ചാബിനെ തകര്‍ത്തു തരിപ്പണമാക്കി. 10 റണ്‍സെടുത്ത ഹൂഡയെ ചാഹര്‍ ഡുപ്ലെസ്സിയുടെ കൈയ്യിലെത്തിച്ചു. ഇതോടെ പഞ്ചാബ് 26 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്നുവീണു. ചാഹര്‍ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. താരത്തിന്റെ ഐ.പി.എല്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് താരം നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. അതില്‍ ഒരു മെയ്ഡന്‍ ഓവറും ഉള്‍പ്പെടും.
പിന്നീട് ഒത്തുചേര്‍ന്ന ഷാരൂഖ് ഖാനും റിച്ചാര്‍ഡ്‌സണും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ സ്‌കോര്‍ 57ല്‍ നില്‍ക്കേ 15 റണ്‍സെടുത്ത റിച്ചാര്‍ഡ്‌സണെ ക്ലീന്‍ ബൗള്‍ഡാക്കി മോയിന്‍ അലി പഞ്ചാബിന്റെ ആറാം വിക്കറ്റ് വീഴ്ത്തി.
ഷാരൂഖ് ഖാന്റെ ഒറ്റയാള്‍ പ്രകടനമാണ് പഞ്ചാബിനെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ഈ സീസണില്‍ വലിയ തുകയ്ക്ക് പഞ്ചാബിലെത്തിയ താരം മോശം പന്തുകള്‍ കണ്ടെത്തി പ്രഹരിച്ച് ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. അതിനിടെ അശ്വിനെ പുറത്താക്കി ബ്രാവോ പഞ്ചാബിന്റെ ഏഴാം വിക്കറ്റെടുത്തു. ആറ് റണ്‍സ് മാത്രമെടുത്ത താരത്തെ ബ്രാവോ ഡുപ്ലെസ്സിയുടെ കൈയ്യിലെത്തിച്ചു.
19ാം ഓവറില്‍ ഷമിയെ കൂട്ടുപിടിച്ച് ഷാരൂഖ് ടീം സ്‌കോര്‍ 100 കടത്തി. അവസാന ഓവറില്‍ ഷാരൂഖ് ഖാനെ മടക്കി സാം കറന്‍ പഞ്ചാബിന്റെ പതനം പൂര്‍ത്തിയാക്കി. 36 പന്തുകളില്‍ നിന്നും 47 റണ്‍സെടുത്ത ഷാരൂഖിനെ സാം കറന്‍ ജഡേജയുടെ കൈയ്യിലെത്തിച്ചു. ഒടുവില്‍ പഞ്ചാബ് നിശ്ചിത ഓവറില്‍ 107 റണ്‍സെടുത്തു.
ചെന്നൈയ്ക്ക് വേണ്ടി നാലുവിക്കറ്റെടുത്ത ചാഹറിന് പുറമേ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി ബ്രാവോയും മോയിന്‍ അലിയും സാം കറനും തിളങ്ങി.
ഒരു ഐ.പി.എല്‍ ടീമിന് വേണ്ടി 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരം എന്ന റെക്കോഡ് ധോനി ഈ മത്സരത്തിലൂടെ സ്വന്തമാക്കി. ചെന്നൈയ്ക്ക് വേണ്ടിയുള്ള ധോനിയുടെ 200ാം മത്സരമാണിത്.

Related Articles

Back to top button