BREAKING NEWSLATESTNATIONAL

വീടുകളിലെത്തി വാക്‌സിന്‍ നല്‍കിയിരുന്നെങ്കില്‍ പലരുടെയും ജീവന്‍ രക്ഷിക്കാമായിരുന്നു: ബോംബെ ഹൈക്കോടതി

മുംബൈ: മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറായിരുന്നെങ്കില്‍ പ്രമുഖരടക്കം നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ബോംബെ ഹൈക്കോടതി. വാക്‌സിന്‍ കേന്ദ്രങ്ങളില്‍ പോകാന്‍ സാധിക്കാത്ത മുതിര്‍ന്ന പൗരന്മാരുടെ ജീവനെക്കുറിച്ച് ആശയങ്കയുളളപ്പോള്‍ എന്തുകൊണ്ടാണ് അവര്‍ക്കുവേണ്ടി അത്തരമൊരു നടപടി സ്വീകരിക്കാത്തതെന്നും ഹൈക്കോടതി കേന്ദ്രത്തോട് ആരാഞ്ഞു.
75 മുകളില്‍ പ്രായമുളളവരോ, ഭിന്നശേഷിക്കാരോ, കിടപ്പുരോഗികളോ, വീല്‍ചെയറിയില്‍ കഴിയുന്നവരോ ആയ മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ ധ്രുതി കപാഡിയ, കുനാല്‍ തിവാരി എന്നിവര്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് ദിപന്‍കര്‍ ദത്ത, ജസ്റ്റിസ് ജി.എസ്.കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വീടുകളിലെത്തി വാക്‌സില്‍ നല്‍കേണ്ടതില്ലെന്ന കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഏപ്രില്‍ 22ലെ ഹൈക്കോടതി ഉത്തരവ് കോടതി വീണ്ടും ആവര്‍ത്തിച്ചു. മൂന്നു ആഴ്ചകള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇതുവരെ തീരുമാനം കോടതിയെ അറിയിച്ചില്ലെന്ന് കോടതി പറഞ്ഞു. മെയ് 19നകം ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പല വിദേശ രാജ്യങ്ങളും മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്ന കാര്യവും കോടതി പരാമര്‍ശിച്ചു. ഇന്ത്യയില്‍ പല കാര്യങ്ങളിലും വൈകിയാണ് തീരുമാനമെടുക്കുന്നതും പല കാര്യങ്ങളും വളരെ സാവധാനത്തിലാണ് മുന്നോട്ടുപോകുന്നതെന്നും ജസ്റ്റിസ് കുല്‍ക്കര്‍ണി ചൂണ്ടിക്കാട്ടി.
വീല്‍ ചെയറില്‍ കഴിയുന്നവരും മുതിര്‍ന്ന പൗരന്മാരും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പുറത്ത് കാത്തിരിക്കുന്നതിന്റെ നിരവധി ചിത്രങ്ങള്‍ കാണാനിടയായി. ആ കാഴ്ചകള്‍ ഹൃദയത്തെ മുറിപ്പെടുത്തുന്നതാണ്, ഒരിക്കലും നല്ല കാഴ്ചയല്ല. അവര്‍ ഇപ്പോള്‍ തന്നെ നിരവധി അസുഖങ്ങളുളളവരാണ്. ജനക്കൂട്ടത്തിനിടയില്‍ ഇങ്ങനെ കാത്തിരിക്കേണ്ടി വരുമ്പോള്‍ കോവിഡ് ബാധിതരാകാനുളള സാധ്യത കൂടുതലാണ്. കോടതി പറഞ്ഞു.

Related Articles

Back to top button