KERALA

സി. ഗണേഷിൻ്റെ പുതിയ പുസ്തകം മനോജ് കുറൂർ പ്രകാശനം ചെയ്തു

മലയാള സർവകലാശാല അധ്യാപകനും എഴുത്തുകാരനുമായ സി ഗണേഷിൻ്റെ കഥാസമാഹാരം ചങ്ങാതിപ്പിണർ പ്രമുഖ നോവലിസ്റ്റ് മനോജ് കുറൂർ ഓൺലൈനിലൂടെ പ്രകാശനം ചെയ്തു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം അടുത്തയാഴ്ചയോടെ സ്റ്റാളുകളിൽ എത്തും. പി കെ രാജശേഖരൻ്റെതാണ് അവതാരിക. ഭാവനാത്മകമായി കഥ പറയുമ്പോഴും കഥയുടെ ഫിക്ഷനാലിറ്റിയെക്കുറിച്ചുള്ള ബോധമാണ് ഈ കഥകളുടെ പ്രത്യേകത എന്ന് പി കെ രാജശേഖരൻ എഴുതുന്നു.കേന്ദ്രസർവകലാശാല അധ്യാപകനായ ഡോ ആർ ചന്ദ്രബോസ് എഴുതിയ കഥാപഠനവും പുസ്തകത്തിലുണ്ട്.

 

സൗഹൃദമാണ് നമ്മുടെയൊക്കെ ജീവിതത്തിൻ്റെ അടിസ്ഥാനം. മനുഷ്യനെ മനുഷ്യനായി നിലനിർത്തുന്നത് അതിരില്ലാത്ത സൗഹൃദമാണ്. എന്നാൽ സൗഹൃദ /പ്രണയ വഞ്ചനകളുടെ കൊലക്കത്തി ശബ്ദങ്ങളാണ് ഇന്ന് ക്യാമ്പസിൽ നിന്ന് പോലും കേട്ടുകൊണ്ടിരിക്കുന്നത്. കുറെ ചങ്ങാതി കളുടെ സൗഹൃദത്തിൻ്റെയും സ്നേഹത്തിൻറെയും പ്രതികാരത്തിൻറെയും കീഴടങ്ങലിൻ്റെയും കഥകളാണ് ഈ സമാഹാരത്തിലുള്ളത് എന്ന് സി ഗണേഷ് പറഞ്ഞു. വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച 11 കഥകളാണ് ഇവ.

 

പുസ്തകത്തിൻറെ കവർ രൂപകല്പന ചെയ്തിരിക്കുന്നത് മാധ്യമപ്രവർത്തകനും ചിത്രകാരനുമായ വിഷ്ണു റാം ആണ്. സൗഹൃദത്തിന് വാൻഗോഗ് നൽകിയ മഞ്ഞ നിറമാണ് പശ്ചാത്തല ടോൺ ആയി വിഷ്ണുറാം നൽകിയിരിക്കുന്നത്. നേരത്തെ പുസ്തകത്തിൻറെ കവർ എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ പ്രകാശനം ചെയ്തിരുന്നു.

 

മലയാള മനോരമ ഓണപ്പതിപ്പിലാണ് ചങ്ങാതിപ്പിണർ പ്രസിദ്ധീകരിച്ചത്. മാധ്യമത്തിലും ഭാഷാപോഷിണിയിലും കലാകൗമുദിയിലുമായി പ്രസിദ്ധീകരിച്ച കഥകളും പുസ്തകത്തിലുണ്ട്. സി ഗണേഷിൻ്റെ ആറാമത്തെ ചെറുകഥാസമാഹാരമാണ് ചങ്ങാതി പ്പിണർ. അനുശ്രീ നായികയായി അഭിനയിച്ച ഓട്ടർഷ എന്ന ചലച്ചിത്രത്തിന് ആധാരമായത് സി ഗണേഷിൻറ കഥയാണ്. സൗഹൃദം വിലമതിക്കുന്ന വർക്ക് ചങ്ങാതിപ്പിണർ അവഗണിക്കാനാവില്ല എന്ന് മനോജ് കുറൂർ പറഞ്ഞു.

Related Articles

Back to top button