BREAKING NEWSLATESTNATIONAL

മദ്യപിച്ചു വാഹനമോടിച്ചാല്‍ ഡ്രൈവറെ പിടിക്കാം വണ്ടി കസ്റ്റഡിയില്‍ വേണ്ടെന്നു തെലങ്കാന ഹൈക്കോടതി

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് തെലങ്കാന ഹൈക്കോടതി . വാഹന ഉടമകള്‍ നല്‍കിയ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ച ശേഷമാണ് തെലങ്കാന ഹൈക്കോടതി ഇക്കാര്യം അറിയിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്യപിച്ച ഡ്രൈവറുടെ കൂടെ ആരെങ്കിലും യാത്ര ചെയ്യുന്നുണ്ടെങ്കില്‍ വാഹനം അവരെ ഏല്‍പ്പിക്കാമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍.
മദ്യപിച്ച് ഓടിച്ചതിനെ തുടര്‍ന്ന് വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും തിരികെ ലഭിക്കാന്‍ നാളുകള്‍ കാത്തിരിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. മദ്യപിച്ച് വാഹനമോടിക്കുന്നയാളെ പിടികൂടിയാല്‍, അയാളുടെ കൂടെ ആരും ഇല്ലെങ്കില്‍, പൊലീസ് മദ്യപിച്ചയാളുടെ ബന്ധുവിനെയോ സുഹൃത്തുക്കളെയോ അറിയിക്കണമെന്നും ജസ്റ്റിസ് കെ ലക്ഷ്മണിന്റെ ഉത്തരവില്‍ പറയുന്നു.
ആരും മുന്നോട്ട് വന്നില്ലെങ്കില്‍ മാത്രമേ പോലീസിന് വാഹനം കൊണ്ടുപോകാന്‍ കഴിയൂ എന്നും കോടതില്‍ പറയുന്നു. പോലീസിന് വാഹനം സുരക്ഷിതമായ സ്ഥലത്തേക്കോ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കോ കൊണ്ടുപോകാം. വാഹനം തിരികെ വാങ്ങാന്‍ ഉടമയോ അംഗീകൃത വ്യക്തിയോ വന്നാല്‍ വാഹനം വിട്ടുനല്‍കണം.
അതേസമയം ഡ്രൈവര്‍ മദ്യപിച്ചിരിക്കുയാണെന്ന് കണ്ടെത്തിയാല്‍ ഒരു കാരണവശാലും വാഹനം ഓടിക്കാന്‍ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. ഒരു ഡ്രൈവറെയോ ഉടമയെയോ അല്ലെങ്കില്‍ രണ്ടുപേരെയും പ്രോസിക്യൂട്ട് ചെയ്യേണ്ടതുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നിഗമനത്തിലെത്തുകയാണെങ്കില്‍, വാഹനം പിടിച്ചെടുത്ത തീയതി മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ അവര്‍ക്കെതിരെ മജിസ്‌ട്രേറ്റിന് മുന്നില്‍ കുറ്റപത്രം സമര്‍പ്പിക്കണം. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അധികാരികളെ അറിയിച്ച് പ്രോസിക്യൂഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തടഞ്ഞുവച്ച വാഹനം വിട്ടുനല്‍കണമെന്നും കോടതി വ്യക്തമാക്കി.
വാഹനത്തിന്റെ കസ്റ്റഡിയില്‍ ആരും അവകാശവാദം ഉന്നയിക്കുന്നില്ലെങ്കില്‍ പോലീസിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാം. പിടിച്ചെടുത്ത തീയതി മുതല്‍ മൂന്ന് ദിവസത്തിനകം മജിസ്‌ട്രേറ്റിന് കുറ്റപത്രം ലഭിക്കണം. ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ കേസുകള്‍ ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹൈദരാബാദിലെ പോലീസ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പിന്നീട് ഉടമ കോടതിയില്‍ പോയാല്‍ മാത്രമേ പോലീസ് വാഹനം തിരികെ നല്‍കൂ എന്നുമാണ് റിപ്പോര്‍ട്ടുകള്‍. പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ഇത്തരത്തില്‍ വാഹനം പിടിച്ചെടുക്കാന്‍ പോലീസിന് അധികാരമില്ലെന്നും തെലങ്കാന ഹൈക്കോടതി വ്യക്തമാക്കി. കോടതി ഉത്തരവനുസരിച്ച് ഹൈദരാബാദിലെ മൂന്ന് പോലീസ് കമ്മീഷണറേറ്റുകള്‍ പിടിച്ചെടുത്ത 6,000 വാഹനങ്ങള്‍ തിരികെ നല്‍കണം.
2021 ല്‍ മാത്രം 16,500 വാഹനങ്ങള്‍ ഹൈദരാബാദില്‍ പിടിച്ചെടുത്തു. അതായത് ഒരു പോലീസ് ജില്ലയില്‍ മാത്രം പ്രതിദിനം 45ലധികം വാഹനങ്ങള്‍ പിടിച്ചെടുക്കുന്നു. ഇതില്‍ 7,269 കേസുകളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അതേസമയം ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഹൈദരാബാദ്, സൈബരാബാദ് പോലീസ് വാഹനങ്ങള്‍ തിരിച്ചയക്കാന്‍ തുടങ്ങി.
ഈ വര്‍ഷം ആദ്യം തെലങ്കാനയില്‍ പുതിയ നിയമം നടപ്പാക്കിയിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ പൊലീസിന് തത്സമയം ലൈസന്‍സ് റദ്ദാക്കാമെന്നും ജയിലില്‍ അടയ്ക്കാമെന്നുമായിരുന്നു പുതിയ നിയമം. മദ്യപിച്ച് വാഹനം ഓടിക്കുന്ന കേസുകള്‍ കുറയാത്തതിനെ തുടര്‍ന്നായിരുന്നു നടപടി.

Related Articles

Back to top button