BREAKING NEWSLATESTNATIONAL

വെടിയേറ്റു മരിച്ചത് നിഷ ദഹിയ തന്നെ; പക്ഷേ, ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ താരമല്ല

അണ്ടര്‍23 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ ദേശീയ ഗുസ്തി താരം നിഷ ദഹിയയും സഹോദരനും ഹരിയാനയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു എന്ന വാര്‍ത്തയില്‍ യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടത് ഈ ദഗിയ അല്ല. പക്ഷേ കൊല്ലപ്പെട്ടത് ഒരു ദഹിയ തന്നെ. ഹരിയാനയിലെ സോനാപതിലെ ഹലാല്‍പുരിലുള്ള സുശീല്‍ കുമാര്‍ റെസ്ലിങ് അക്കാദമിയില്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. കൊലപ്പെട്ടത് യൂണിവേഴ്സ്റ്റി തലത്തില്‍ മെഡല്‍ നേടിയിട്ടുള്ള നിഷ ദഹിയ എന്ന ഗുസ്തി താരമാണ്. കോച്ച് പവന്‍ കുമാറാണ് നിഷയേയും സഹോദരന്‍ സൂരജിനേയും വെടിവെച്ച് കൊലപ്പെടുത്തിയത്. പേരിലെ സാമ്യം കാരണം ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ നിഷ ദഹിയയാണ് കൊല്ലപ്പെട്ടതെന്ന് തെറ്റിദ്ധരിച്ചാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്.
21കാരിയായ യുവി ഗുസ്തി താരം നിഷ ദഹിയ എന്നും പരിശീലനത്തിന് എത്തുന്ന സ്ഥലമാണ് സുശീല്‍ കുമാര്‍ അക്കാദമി. ബുധനാഴ്ച്ച രാവിലെ പതിവുപോലെ പരിശീലനത്തിനെത്തിയ താരത്തെ കോച്ച് പവനും സഹായി സച്ചിനും ചേര്‍ന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു. അതിനുശേഷം നിഷയുടെ അമ്മ ധന്‍പതി ദേവിയേയും സഹോദരന്‍ സൂരജിനേയും പവന്‍ അക്കാദമിയിലേക്ക് വിളിച്ചുവരുത്തി. പരിശീലനം കഴിഞ്ഞെന്നും നിഷയെ കൂട്ടിക്കൊണ്ടുപോകൂ എന്നും പറഞ്ഞാണ് പവന്‍ ഇരുവരേയും വിളിച്ചുവരുത്തിയത്.
ഒന്നര മാസം മുമ്പ് ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കള്‍ നിഷയ്ക്കുനേരെ വെടിയുതിര്‍ത്തിരുന്നു. അതിനുശേഷം സഹോദരനാണ് നിഷയെ അക്കാദമിയിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചുവീട്ടിലേക്ക് എത്തിക്കുന്നതും. പവന്‍ വിളിച്ചുവരുത്തിയപ്പോഴും സഹോദരന്‍ പതിവുപോലെ നിഷയെ കൂട്ടാന്‍ അമ്മയോടൊപ്പമെത്തി.
തുടര്‍ന്ന് പവനും സച്ചിനും നിഷയുടെ അമ്മ ധന്‍പതിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതുകണ്ട് സൂരജ് അക്കാദമായില്‍ നിന്ന് ഇറങ്ങിയോടി. എന്നാല്‍ പിന്തുടര്‍ന്നെത്തിയ പവനും സച്ചിനും സൂരജിനേയും വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഈ കൊലപാതങ്ങള്‍ക്ക് പിന്നിലുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റ നിഷയുടെ അമ്മ ധന്‍പതി റോത്തക്കിലെ പിജിഐ ആശുപത്രിയിലാണുള്ളത്. നിഷയുടേയും സൂരജിന്റേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സോനാപതിലെ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെ ഇത് നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ വീഡിയോയില്‍ എത്തിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചാണ് താരം വ്യാജ വാര്‍ത്തക്കെതിരേ പ്രതികരിച്ചത്. താന്‍ സുരക്ഷിതയാണെന്നും സീനിയര്‍ നാഷണല്‍സില്‍ മത്സരിക്കാന്‍ ഉത്തര്‍ പ്രദേശിലെ ഗോണ്‍ഡയിലാണുള്ളതെന്നും നിഷ വീഡിയോയില്‍ വ്യക്തമാക്കുന്നു. ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക്കിനൊപ്പമാണ് നിഷ വീഡിയോ പങ്കുവെച്ചത്.

***

Related Articles

Back to top button