BREAKING NEWSKERALALATEST

കടുത്ത വിഭാഗീയത: സിപിഎം പുതുശ്ശേരി ഏരിയാ സമ്മേളനം മാറ്റിവെച്ചു

പാലക്കാട്: സി.പി.എം. ശക്തികേന്ദ്രമായ പുതുശ്ശേരിയില്‍ ഏരിയാ സമ്മേളനം മാറ്റിവെച്ചു. ഈമാസം 27, 28 തീയതികളില്‍ നടക്കേണ്ടിയിരുന്ന ഏരിയാ സമ്മേളനമാണ് മാറ്റിവെച്ചത്. ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങളില്‍ കടുത്ത വിഭാഗീയത കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച് അന്വേഷിച്ച രണ്ടംഗ കമ്മീഷന്‍ ഏരിയാ സമ്മേളനം മാറ്റിവെക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
പുതുശ്ശേരിയില്‍ ഏരിയക്ക് കീഴില്‍ വരുന്ന വാളയാര്‍, എലപ്പുള്ളി ലോക്കല്‍ സമ്മേളനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. വാളയാര്‍ ലോക്കല്‍ സമ്മേളനത്തില്‍ പ്രതിനിധികള്‍ തമ്മില്‍ ഏറ്റുമുട്ടുകയും സമ്മേളന വേദിയില്‍ കുത്തിയിരുന്ന പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതിനേ തുടര്‍ന്ന് ഒരു കമ്മറ്റിയെ വെക്കാന്‍ തീരുമാനിച്ചിരുന്നു. ലോക്കല്‍ കമ്മിറ്റി രണ്ടായി വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ ആയിരുന്നു പ്രതിഷേധം. എലപ്പുള്ളി ലോക്കല്‍ സമ്മേളനവും പൂര്‍ത്തിയാക്കാനായില്ല.
വിഭാഗീയതയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന കമ്മിറ്റിയംഗം കെവി രാമകൃഷ്ണന്‍ ജില്ലാ സെക്രട്ടേറിയേറ്റംഗം ഇ എന്‍ സുരേഷ്ബാബു എന്നിവരങ്ങുന്ന രണ്ടംഗ കമ്മീഷനെ വെച്ചിരുന്നു. ഏരിയാ സമ്മേളനം മാറ്റിവെക്കാനാണ് ഈ കമ്മീഷന്റെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തത്. തുടര്‍ന്ന് പുതുശ്ശേരി ഏരിയാ കമ്മറ്റി യോഗം ചേര്‍ന്ന് സംസ്ഥാന സമിതി അംഗമായ എന്‍.എന്‍. കൃഷ്ണദാസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ഏരിയാ സമ്മേളനം മാറ്റിവെക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
നേരത്തെ, വാളയാര്‍, എലപ്പുള്ളി ലോക്കല്‍ കമ്മിറ്റി വിഭജനം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് റദ്ദാക്കിയിരുന്നു. എ. പ്രഭാകരന്‍ എംഎല്‍എയുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. പുതുശ്ശേരി ഏരിയാ കമ്മിറ്റിക്ക് കീഴിലെ സമ്മേളനത്തില്‍ കടുത്ത വിഭാഗീയത ഉണ്ടെന്നായിരുന്നു പരാതി. പുതുശ്ശേരി ഏരിയയ്ക്കുകീഴില്‍ തുടര്‍ച്ചയായി വാളയാറിലും എലപ്പുള്ളി വെസ്റ്റിലും സംഘര്‍ഷത്തെ തുടര്‍ന്ന് ലോക്കല്‍ സമ്മേളനവും നിര്‍ത്തിവെച്ചിരുന്നു. ലോക്കല്‍ കമ്മിറ്റി വിഭജനത്തെച്ചൊല്ലിയുള്ള പരാതികളാണ് സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്.

Related Articles

Back to top button