BREAKING NEWSKERALA

അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു… ‘പറഞ്ഞറിയിക്കാനാകാത്ത സന്തോഷം’ – അനുപമ

തിരുവനന്തപുരം: ഡിഎന്‍എ ഫലം പോസിറ്റീവ് ആയതോടെ അനുമതി ലഭിച്ചതിനേ തുടര്‍ന്ന് അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു. സിഡബ്ല്യുസില്‍ നിന്ന് അനുമതി ലഭിച്ചതിനേ തുടര്‍ന്നാണ് കുന്നുകുഴിയിലുള്ള നിര്‍മല ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടത്. സമരപ്പന്തലില്‍ നിന്നാണ് കുഞ്ഞിനെ സംരക്ഷിക്കുന്ന ശിശുഭവനിലേക്ക് അനുപമയും അജിത്തും പോയത്.
കുഞ്ഞിനെ കാണാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെമെന്ന് കുഞ്ഞിനെ കണ്ടശേഷം അനുപമ പറഞ്ഞു. കണ്ടിട്ട് വിട്ടുപോന്നതില്‍ വിഷമമുണ്ട്. കുഞ്ഞ് സുഖമായി ഇരിക്കുന്നുവെന്നും കോടതി നടപടികള്‍ വേഗത്തിലാക്കാന്‍ അഭ്യര്‍ഥിക്കുമെന്ന് സിഡബ്യുസിയില്‍ നിന്ന് അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ കുഞ്ഞിനെ കാണാന്‍ പോകുന്നത്. എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല. കുഞ്ഞിനെ കാണുന്നതിനേക്കുറിച്ച് വളരെ ആകാംഷയുണ്ട്. കാണാന്‍ അനുമതി ലഭിക്കുമെന്ന് കരുതിയില്ല. പറയാന്‍ പറ്റാത്തത്ര സന്തോഷമുണ്ടെന്നും കുഞ്ഞിനെ കാണാന്‍ പോകും മുമ്പ് അനുപമ പ്രതികരിച്ചിരുന്നു.
പ്രസവിച്ച് മൂന്നു ദിവസത്തിനു ശേഷം തന്നില്‍നിന്ന് അകറ്റപ്പെട്ട കുഞ്ഞിനെയാണ് ഒരു വര്‍ഷത്തിനു ശേഷം അനുപമ കണ്ടത്. കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് ഉറപ്പിക്കുന്നതിന് നടത്തിയ ഡിഎന്‍എ പരിശോധനാഫലം പോസിറ്റീവ് ആയതോടെയാണ് അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി ലഭിച്ചത്.
ദത്ത് നല്‍കപ്പെട്ട കുഞ്ഞിനെ കോടതി നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസമാണ് ആന്ധ്രയില്‍നിന്ന് കേരളത്തിലെത്തിച്ചത്. തുടര്‍ന്ന് കുഞ്ഞിന്റെ ജനിതക സാംപിളുകള്‍ പരിശോധനയ്ക്കായി ഇന്നലെയാണ് ശേഖരിച്ചത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍നിന്നുള്ള വിദഗ്ധരാണ് കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിര്‍മല ശിശുഭവനിലെത്തി സാംപിളെടുത്തത്. ഉച്ചയ്ക്കുശേഷം അനുപമയും അജിത്തും സാംപിളുകള്‍ നല്‍കി. ഇന്ന് ഉച്ചയോടെയാണ് പരിശോധനാ ഫലം വന്നത്.

Related Articles

Back to top button