BREAKING NEWSKERALA

വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചത്; എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: വധഗൂഢാലോചനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള കേസ് സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. ദിലീപിന്റെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
കേസ് ക്രൈം ബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മന:പൂര്‍വം തന്നെ വേട്ടയാടുകയാണെന്നും ഇതേകേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ ദിലീപ് കോടതിയില്‍ വാദിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിന് തന്നോട് എന്തോ വ്യക്തിവൈരാഗ്യമുണ്ടെന്നും ഇതിന്റെ ഭാഗമായാണ് തന്നെ വേട്ടയാടുന്നതെന്നുമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമായ തെളിവ് ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇത് തങ്ങളുടെ വാദം ശരിവെക്കുന്നതാണെന്നും ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ദിലീപ് അടക്കമുള്ളവരുടെ ഫോണുകളുടെ ഫോറെന്‍സിക് പരിശോധന ഫലം ലഭിക്കുന്നതോടെ ഗൂഡലോചനയ്ക്ക് കൂടുതല്‍ തെളിവ് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
നേരത്തെ ഫെബ്രുവരി ഏഴിന് ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് വധഗൂഢാലോചന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. വധ ഗൂഢാലോചനാക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപടക്കം ആറ് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Related Articles

Back to top button