BREAKING NEWSKERALALATEST

‘ആരുടെ മകന്‍ ആയാലും പറയേണ്ടത് പാര്‍ട്ടിയില്‍ പറയണം’, ജയരാജന്റെ മകനെതിരെ കോടിയേരി

കണ്ണൂര്‍: സംസ്ഥാനസെക്രട്ടേറിയറ്റില്‍ നിന്ന് പി ജയരാജനെ തഴഞ്ഞതില്‍ മാധ്യമങ്ങള്‍ പ്രശ്‌നമുണ്ടാക്കാന്‍ നോക്കേണ്ടെന്നും, സ്വന്തം നിലപാട് പി ജയരാജന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ് ഇട്ട പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ”ആരുടെ മകനായാലും പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണം” എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സിപിഎം സംസ്ഥാനസെക്രട്ടറിക്കസേരയില്‍ മൂന്നാമൂഴം ലഭിച്ച ശേഷം കണ്ണൂരില്‍ നടന്ന സ്വീകരണയോഗത്തിന് ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം.
പി ജയരാജന്റെ വീഡിയോ ഷെയര്‍ ചെയ്ത് ‘ആരൊക്കെ തള്ളിപ്പറഞ്ഞാലും ഇട!നെഞ്ചില്‍ത്തന്നെ’ എന്നായിരുന്നു മകന്‍ ജെയ്ന്‍ ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടു ഈ പോസ്റ്റ്. ഏത് പ്രതികരണമാണെങ്കിലും ഫേസ്ബുക്കിലല്ല, പാര്‍ട്ടിയില്‍ പറയണമെന്നും കോടിയേരി വ്യക്തമാക്കി.
പി ജയരാജന് വേണ്ടിയുള്ള സമൂഹമാധ്യമങ്ങളിലെ മുറവിളിയെ കോടിയേരി പൂര്‍ണമായും തള്ളിക്കളയുകയാണ്. ജനഹൃദയങ്ങളില്‍ ഉള്ളത് ഒരാള്‍ മാത്രമല്ല. പാര്‍ട്ടി നേതാക്കളെല്ലാം ജനഹൃദയങ്ങളിലുണ്ട്. പാര്‍ട്ടി മെമ്പര്‍മാര്‍ പാര്‍ട്ടി നയങ്ങളെ കുറിച്ച് ഫെയ്‌സ് ബുക്കില്‍ അഭിപ്രായം പറയരുത്. ഒറ്റക്കെട്ടായെടുത്ത തീരുമാനം പി ജയരാജന്‍ ഉള്‍പ്പടെ അംഗീകരിച്ചതാണെന്നും കോടിയേരി വ്യക്തമാക്കുന്നു.
അതേസമയം, സംസ്ഥാനസെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് ജയരാജന്‍ മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല. പൊതുയോഗത്തിലായിരുന്നു പ്രതികരണം. പാര്‍ട്ടിയില്‍ എന്തു പദവി കിട്ടുമെന്ന് നോക്കിയിട്ടല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്ന് ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതിരുന്ന പിജെ, മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനസ്സാണെന്ന് കുറ്റപ്പെടുത്തി. എങ്കിലും ജയരാജനെ തഴഞ്ഞതില്‍ അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രതികരണങ്ങള്‍ നടത്തുകയാണ്.
‘പി.ജയരാജന്‍ സെക്രട്ടേറിയറ്റില്‍ ഇല്ല, പക്ഷേ ഈ നേതാവ് ജനഹൃദയങ്ങളിലുണ്ട്’. ഇന്നലെ മുതല്‍ പിജെ അനുയായികളില്‍ പലരുടെയും വാട്‌സപ്പ് സ്റ്റാറ്റസ് ഇതാണ്. ജയരാജന്റെ സമൂഹമാധ്യമത്തിലെ ഫാന്‍സ് കൂട്ടായ്മ ആയിരുന്ന പിജെ ആര്‍മിയെ പാര്‍ട്ടി നിയന്ത്രിച്ച് ‘റെഡ് ആര്‍മി’ എന്ന് പേരുമാറ്റിയിരുന്നു. ജയരാജനെ പ്രകീര്‍ത്തിക്കുന്ന പോസ്റ്റിടരുതെന്നും തിട്ടൂരം ഉണ്ടായിരുന്നു.
എന്നാല്‍ ഇന്നലെ റെഡ് ആര്‍മി ഒഫീഷ്യല്‍ പേജില്‍ പിജെയെ പ്രകീര്‍ത്തിക്കുന്ന പോസ്റ്റുകള്‍ നിറഞ്ഞു. ‘കണ്ണൂരിന്‍ ചെന്താരകമല്ലോ പി ജയരാജന്‍ ധീരസഖാവ്’ എന്ന വാഴ്ത്തുപാട്ടും പേജില്‍ പ്രത്യക്ഷപ്പെട്ടു. കണ്ണൂരില്‍ മടങ്ങിയെത്തിയ ജയരാജന്‍ മാധ്യമ വിമര്‍ശനത്തെ മറയാക്കിയാണ് മറുപടി പറഞ്ഞത്.
പറയാനുള്ളത് മാത്രം പറഞ്ഞ് പി ജെ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണ്. പ്രകടനം നടത്തരുതെന്നും ഫ്‌ലക്‌സ് വയക്കരുതെന്നും കര്‍ശന നിര്‍ദ്ദേശവും അനുയായികള്‍ക്ക് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button